ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ നേഴ്‌സിംഗ് മേഖലയിലെ ജീവനക്കാരുടെ പ്രമുഖ യൂണിയനായ ആർസിഎൻ (റോയൽ കോളജ് ഓഫ് നേഴ്‌സിംഗ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ഒരുങ്ങി മലയാളി നേഴ്‌സ്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നേഴ്സായ ബിജോയ് സെബാസ്റ്റ്യൻ ആണ് മത്സരിക്കാൻ ഒരുങ്ങുന്നത്. ബിജോയ്‌ ഉൾപ്പെടെ 6 പേരാണ് മത്സരിക്കുന്നത്. ഇവരുടെ പേരുകൾ റോയൽ കോളജ് ഓഫ് നേഴ്‌സിംഗിൻെറ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റിലൂടെയാണ് വോട്ടുകൾ രേഖപ്പെടുത്തേണ്ടത്. ഒക്ടോബർ 14 മുതലായിരിക്കും ഇത് അംഗങ്ങൾക്ക് ലഭിക്കാൻ തുടങ്ങുക. പ്രസിഡന്റ്, ഡപ്യൂട്ടി പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

2025 ജനുവരി 1 മുതൽ 2026 ഡിസംബർ 31 വരെ രണ്ട് വർഷമാണ്‌ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്റെ കാലാവധി. 34 അംഗങ്ങളുമായി 1916 ൽ യുകെയിൽ പ്രവർത്തനം ആരംഭിച്ച യൂണിയനായ ആർസിഎന്നിന് ഇപ്പോൾ അഞ്ച് ലക്ഷത്തിൽപ്പരം അംഗങ്ങളാണുള്ളത്. ഇതിൽ മലയാളി നേഴ്‌സുമാർ ഉണ്ടെങ്കിലും പ്രസിഡന്റ് സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്ന ആദ്യ മലയാളിയാണ് ബിജോയ് സെബാസ്റ്റ്യൻ. കോട്ടയം മെഡിക്കൽ കോളജിലെ നേഴ്‌സിംഗ് പഠനത്തിനും ഒരു വർഷത്തെ സേവനത്തിനും ശേഷം 2011 ൽ ബാൻഡ് 5 നേഴ്സായി ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിൽ ജോലിയിൽ പ്രവേശിച്ച ബിജോയ്‌ 2015 ൽ ബാൻഡ് 6 ആയും 2016 ൽ ബാൻഡ് 7 ആയും തന്റെ കരിയർ മികച്ച നിലയിൽ എത്തിച്ചു. 2021 ലാണ് ബാൻഡ് 8 എ തസ്തികയിൽ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തുന്നത്. ഈ തിരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ ചരിത്രത്തിലെ തന്നെ ആർസിഎൻ പ്രസിഡന്റ് ആകുന്ന ആദ്യ മലയാളി ആയിരിക്കും ബിജോയ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൃഷി വകുപ്പിലെ റിട്ടയേർഡ് സൂപ്രണ്ട് വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം ബാൻഡ് 5 നേഴ്‌സായ ദിവ്യയാണ് ഭാര്യ. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഇമ്മാനുവേലാണ് മകൻ. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനിൽ തന്നെ ബാൻഡ് 6 നേഴ്സുമാരായി ജോലി ചെയ്യുന്നു. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ ബിജോയ്‌.

കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോതൊറാസിക് നേഴ്‌സിംഗ് പ്രാക്ടീസ് ആൻഡ് നേഴ്‌സിംഗ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫോർമേഷൻ പ്രൊജക്ടിനായി ബിജോയ്‌ ഉൾപ്പടെയുള്ള നേഴ്സുമാരുടെ സംഘം പ്രവർത്തിച്ചിരുന്നു. കോട്ടയം പാലാ സ്വദേശിനി മിനിജ ജോസഫ്, മുംബൈ സ്വദേശിനിയും മലയാളിയുമായ മേരി എബ്രഹാം എന്നിവർ ഉൾപ്പടെയുള്ള യുകെ നേഴ്സുമാരാണ് ബിജോയ്ക്ക്‌ ഒപ്പം പ്രവർത്തിച്ച യുകെ നേഴ്സുമാർ. റോയൽ കോളജ് ഓഫ് നേഴ്‌സിങിൻെറ നേതൃത്വവുമായി എല്ലാ ആർസിഎൻ അംഗങ്ങൾക്കും സംവദിക്കാനുള്ള അവസരം ഒരുക്കുക, യൂണിറ്റുകൾ ഇല്ലാത്ത ഹോസ്പിറ്റലുകൾ കണ്ടെത്തി ആർസിഎൻ സാന്നിധ്യം ഉറപ്പാക്കുക, നേഴ്സിങ് മേഖലയിലെ ജീവനക്കാർക്ക് സേവനത്തിന് അനുസൃതമായ മികച്ച വേതനം ഉറപ്പു വരുത്തുക, അംഗങ്ങളുടെ കരിയർ ഡെവലപ്പ്മെന്റിന് ആവശ്യമായ സഹായങ്ങൾ നൽകുക എന്നിവയാണ് തന്റെ മത്സരത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ബിജോയ് സെബാസ്റ്റ്യൻ മത്സര പ്രഖ്യാപനത്തിന് ശേഷം മനോരമ ഓൺലൈനോട് പറഞ്ഞു. [email protected] എന്ന മെയിൽ ഐഡി വഴി തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ള ആർസിഎൻ അംഗങ്ങൾക്ക് ബന്ധപ്പെടാമെന്ന് ബിജോയ്‌ സെബാസ്റ്റ്യൻ അറിയിച്ചു.