ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ജപ്പാൻ :- നാഷണൽ കോച്ചുകളെ വിമർശിച്ച ബെലാറസ് ഒളിമ്പിക് താരത്തെ നിർബന്ധപൂർവ്വം തിരിച്ചയക്കാൻ നീക്കം. താരത്തിന് ഹ്യുമാനിറ്റേറിയൻ വിസ നൽകിയിരിക്കുകയാണ് പോളണ്ട്. രാത്രി മുഴുവനും ഹോട്ടലിൽ ജാപ്പനീസ് പോലീസിന്റെ സംരക്ഷണത്തിൽ കഴിഞ്ഞ, ഇരുപത്തിനാലുകാരിയായ ക്രിസ്റ്റീന ടിമാനോവ്സ്‌ക്യ നിലവിൽ പോളിഷ് എംബസിയിൽ ആണുള്ളത്. ടീം കോച്ചുകളെ വിമർശിച്ചതിന് തന്നെ നിർബന്ധപൂർവ്വം എയർപോർട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നവെന്നും, തന്റെ സുരക്ഷയിൽ തനിക്ക് ഭീതി ഉണ്ടെന്നും താരം പറഞ്ഞിരുന്നു . തന്റെ മാനസികാവസ്ഥ ശരിയല്ല എന്നാരോപിച്ച് തന്നെ ടീമിൽ നിന്ന് പുറത്താക്കിയതായും അവർ വ്യക്തമാക്കി.
തിങ്കളാഴ്ച ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ താൻ ഇപ്പോൾ സുരക്ഷിയാണെന്നും , ഈ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി. ഈ സംഭവത്തോടെ ബെലാറസ് ലോകരാജ്യങ്ങളുടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞ ഉടൻ തന്നെ താരത്തിന്റെ ഭർത്താവ്, അർസനി സ്ടനെവിച് ബെലാറസിൽ നിന്നും ഉക്രെയിനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. സ്ഥിതി ഇത്രയും രൂക്ഷമാകുമെന്ന് താൻ വിചാരിച്ചില്ലെന്നും, വിവരം അറിഞ്ഞ ഉടൻ തന്നെ താൻ യാത്ര തിരിക്കുകയായിരുന്നു എന്നും ഭർത്താവ് വ്യക്തമാക്കി. തങ്ങൾ വെറും സ്പോർട്സ് താരങ്ങളാണെന്നും, യാതൊരുവിധ വിവാദങ്ങളിലും ഏർപ്പെടുവാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താരം സുരക്ഷിതമായ സ്ഥാനത്ത് ആണുള്ളത് എന്ന് ഒളിമ്പിക്സ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ജാപ്പനീസ്, പോളണ്ട് എന്നീ രാജ്യങ്ങൾ എടുത്ത നടപടികൾ പ്രശംസനീയമാണെന്നും ബലാറസിലെ യുഎസ് അംബാസിഡർ വ്യക്തമാക്കി. താരത്തിന്റെ വിശദ വിവരങ്ങൾ നൽകണമെന്ന് ടോക്കിയോയിലെ ബെലാറസ് എംബസി ജാപ്പനീസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രിസ്റ്റിന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, തനിക്ക് ടീം ഒഫീഷ്യൽസിന്റെ അധിക സമ്മർദം ഉണ്ടെന്നും, ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി തന്നെ സഹായിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഈയാഴ്ച സ്ത്രീകളുടെ 200 മീറ്ററിലും, 4× 400 മീറ്ററിലും ക്രിസ്റ്റീന മത്സരിക്കാൻ ഇരിക്കെയാണ് താരത്തിനെതിരെയുള്ള നീക്കം. തന്നെ നിർബന്ധപൂർവ്വം റിലേ മത്സരത്തിന് ഉൾപ്പെടുത്തുക ആയിരുന്നുവെന്നും, താനിതുവരെ അത്തരമൊരു ഇവന്റിന് മത്സരിച്ചിട്ടില്ലെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ താരം വ്യക്തമാക്കി. അതോടൊപ്പം തന്നെ തനിക്കൊപ്പം ഉള്ള ചില താരങ്ങൾക്ക് എല്ലാ ടെസ്റ്റുകളും നടത്താത്തതിനാൽ, മത്സരിക്കാനുള്ള യോഗ്യതയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ബലാറസ് ഒഫീഷ്യൽസ് താരത്തിനെതിരെ നടപടി എടുത്തത്.
Leave a Reply