ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഹെലികോപ്റ്റർ ബ്ലേഡുകൾ തട്ടി ഉണ്ടായ അപകടത്തിൽ ബ്രിട്ടീഷുകാരനായ ടൂറിസ്റ്റ് ഗ്രീസിൽ വച്ച് മരണമടഞ്ഞു. ഇരുപത്തിരണ്ടുകാരനായ ജാക്ക് ഫെന്റൺ ആണ് ബ്ലേഡുകൾ തലയിൽ തട്ടി മരണമടഞ്ഞത്. ബ്രിട്ടനിലെ കെന്റിൽ നിന്നുമുള്ള ജാക്ക്, ബെൽ 407 എന്ന എയർ ക്രാഫ്റ്റ് നിന്നും ഗ്രീസിലെ ഏതെൻസിൽ ഇറങ്ങിയ ഉടനെ ആയിരുന്നു അപകടം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ മൈകോനോസ് ഐലൻഡിൽ നിന്നും മൂന്ന് സുഹൃത്തുക്കളോടൊപ്പം ഹെലികോപ്റ്ററിൽ ഏതൻസിൽ ഇന്നലെയാണ് ജാക്ക് എത്തിയത്. ഇറങ്ങിയശേഷം അധികൃതരുടെ മുന്നറിയിപ്പുകൾ വകവയ്ക്കാതെ, ഹെലികോപ്റ്റർ എൻജിൻ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ജാക്ക് സെൽഫി എടുക്കാനായി തിരികെ എയർക്രാഫ്റ്റിന് അടുത്തേക്ക് പോയപ്പോഴാണ് അപകടം സംഭവിച്ചത് എന്നാണ് ഗ്രീക്ക് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ അധികൃതരുടെ ഈ നിലപാടിനെ പൂർണമായും തള്ളിപ്പറഞ്ഞിരിക്കുകയാണ് ജാക്കിനോടൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തായ ജാക്ക് സ്റ്റാന്റൺ ഗ്ലീവ്സ്. ഹെലികോപ്റ്ററിൽ നിന്നും ഇറങ്ങുന്ന സമയത്ത് യാതൊരുവിധ നിർദ്ദേശങ്ങളും അധികൃതരുടെ ഭാഗത്തുനിന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ല. അതോടൊപ്പം തന്നെ ലൗഞ്ചിലേക്ക് ജീവനക്കാർ ആരും തന്നെ തങ്ങളെ അനുഗമിച്ചില്ലെന്നും ഗ്ലീവ്സ് വ്യക്തമാക്കി. ആരും തന്നെ ഹെലികോപ്റ്ററിന്റെ പുറകിലേക്ക് പോകുന്നതിൽ നിന്നും ജാക്കിനെ തടഞ്ഞില്ലെന്നും സുഹൃത്ത് പറഞ്ഞു. ജാക്കിന് സെൽഫി എടുക്കാനുള്ള ശ്രമത്തിനിടയാണ് അപകടം ഉണ്ടായത് എന്ന വാർത്ത തെറ്റാണെന്നും, എന്നാൽ എന്തുകൊണ്ടാണ് ജാക്ക് എയർക്രാഫ്റ്റിന് പുറകിലേക്ക് പോയതെന്ന് തനിക്കറിയില്ലെന്നും സുഹൃത്ത് വ്യക്തമാക്കി.
പൈലറ്റിനെയും ഗ്രൗണ്ട് ക്രൂ വിഭാഗത്തിൽപ്പെടുന്ന രണ്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രീസിൽ വച്ച് മരണപ്പെട്ട ബ്രിട്ടീഷ് ടൂറിസ്റ്റിന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് ഫോറിൻ, കോമൺവെൽത്ത് & ഡെവലപ്മെന്റ് ഓഫീസ് വ്യക്തമാക്കി. സുഹൃത്തിന്റെ നിലപാടിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഗ്രീസ് അധികൃതരുടെ നിലപാട്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന നാല് പേരെയും ജീവനക്കാർ ലൗഞ്ചിൽ എത്തിച്ചെന്നും അതിനുശേഷം ജാക്ക് സ്വയമേവ തിരികെ എയർക്രാഫ്റ്റ് അടുത്തേക്ക് പോവുകയായിരുന്നു എന്നുമാണ് ഗ്രീസ് അധികൃതരുടെ നിലപാട്.
Leave a Reply