മാതാപിതാക്കളടക്കം കുടുംബത്തിലെ നാലു പേരെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ 19കാരന്‍ അറസ്റ്റില്‍. ബംഗാള്‍ മാള്‍ഡ സ്വദേശിയായ ആസിഫ് മുഹമ്മദാണ് അറസ്റ്റിലായത്. ക്രൂരത വെളിപ്പെടുത്തിയ ഇവരുടെ സഹോദരന്‍ ആരിഫിന്റെ (21) പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയുമാണ് ആസിഫ് കൊലപ്പെടുത്തിയത്.
സഹോദരന്റെ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയാണ് ആരിഫ് പോലീസിന്റെ സഹായം തേടിയത്. ഭയം കാരണമാണ് ഇക്കാര്യം നേരത്തെ പോലീസില്‍ അറിയിക്കാതിരുന്നതെന്നും ആരിഫ് മൊഴി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 28-നാണ് ആസിഫ് കുടുംബത്തിലെ നാലു പേരെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് ആരിഫ് പരാതിയില്‍ വ്യക്തമാക്കുന്നു.
വീടിനോട് ചേര്‍ന്ന ഗോഡൗണിലാണ് നാലുപേരെയും ആസിഫ് കുഴിച്ചിട്ടത്. ഇരുവരെയും പോലീസ് ചോദ്യംചെയ്തുവരികയാണ്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് പരിശോധന നടത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചു. ആസിഫ് തന്നെ കൊല്ലാന്‍ ശ്രമിച്ചതോടെയാണ് താന്‍ പോലീസില്‍ പരാതി നല്‍കിയതെന്ന് ആരിഫ് വെളിപ്പെടുത്തി.
കൊല്ലപ്പെട്ട നാലു പേരെയും ഏതാനും മാസങ്ങളായി തങ്ങള്‍ കണ്ടിട്ടില്ലെന്നാണ് അയല്‍ക്കാരും പറയുന്നത്. ഇവരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവരെല്ലാം കൊല്‍ക്കത്തയില്‍ പുതുതായി വാങ്ങിയ ഫ്‌ളാറ്റില്‍ താമസിക്കാന്‍ പോയെന്നായിരുന്നു ആസിഫ് പറഞ്ഞു ധരിപ്പിച്ചിരുന്നത്. നേരത്തെ പത്താം ക്ലാസ് പരീക്ഷ വിജയിച്ചതിന് പിന്നാലെ ആസിഫ് വീട് വിട്ടിറങ്ങിപ്പോയ സംഭവമുണ്ടായിട്ടുണ്ടെന്നും അയല്‍ക്കാര്‍ പറഞ്ഞു.
മാതാപിതാക്കള്‍ ലാപ്‌ടോപ്പ് വാങ്ങി നല്‍കാത്തതിനാലാണ് ആസിഫ് അന്ന് വീട് വിട്ടിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയ ശേഷം മാതാപിതാക്കള്‍ വിലകൂടിയ ലാപ്‌ടോപ്പ് വാങ്ങി നല്‍കിയിരുന്നു. ഇതിനൊപ്പം മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങളും ഇയാളുടെ കൈവശമുണ്ടായിരുന്നു. താന്‍ ഒരു ആപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നും അതിലൂടെ വലിയ പണക്കാരനാകുമെന്നും ആസിഫ് നേരത്തെ മാതാപിതാക്കളോട് പറഞ്ഞിരുന്നു.
Leave a Reply