മലയാളം യുകെ ന്യൂസ് ടീം.

യുഎൻഎയുടെ സമരപന്തലിലേയ്ക്ക് കൂടുതൽ നഴ്സുമാർ എത്തിയതോടെ കോട്ടയം ഭാരത് ഹോസ്പിറ്റലിലെ സമരം ശക്തി പ്രാപിക്കുന്നു. നഴ്സുമാരുടെ പണിമുടക്കിനെ തകർക്കാനുള്ള ശക്തമായ തന്ത്രങ്ങളുമായി മാനേജ്മെന്റ് രംഗത്തിറങ്ങിയിട്ടുണ്ട്. സമരം ചെയ്യുന്ന നഴ്സുമാരുടെ പേരിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. പെൺകുട്ടികളായ നഴ്സുമാരെ കോടതി കയറ്റി പേടിപ്പിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ്  ശ്രമം. നിലവിൽ 70 നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. കൂടുതൽ നഴ്സുമാർ വരും ദിവസങ്ങളിൽ അണിചേരുമെന്ന് യുഎൻഎ യൂണിറ്റ് പ്രസിഡന്റ് അശ്വതി ചന്ദ്രൻ മലയാളം യു കെ ന്യൂസിനോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹോസ്പിറ്റലിൻറെ മുമ്പിലെ ഗതാഗതം തടസപ്പെടുത്തുന്നു, ഡോക്ടർമാരെയും നഴ്സുമാരെയും ഭീഷണിപ്പെടുത്തുന്നു എന്നിവയടക്കം നിരവധി പരാതികളാണ് മാനേജ്മെൻറ് സമരത്തിൽ പങ്കെടുക്കാത്ത നഴ്സുമാരെക്കൊണ്ട് കൊടുപ്പിച്ചിരിക്കുന്നത്. യുഎൻഎയുടെ പതാകയെ പേടിക്കേണ്ട സ്ഥിതിയാണെന്നും പരാതിയിലുണ്ട്. പണിമുടക്ക് തുടങ്ങിയ ദിവസം ഹോസ്പിറ്റലിൽ കയറി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് മറ്റൊരു പരാതി. ഹോസ്പിറ്റലിൻറെ സൽപ്പേരിന് കളങ്കം വരുത്തുന്ന രീതിയിൽ മാദ്ധ്യമങ്ങൾ വഴി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യുഎൻഎ നേതാക്കൾക്ക് വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്.  കേസുകൾ കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നു യുഎൻഎ നേതാക്കൾ പറഞ്ഞു. കോട്ടയം ഭാരതിലെ സമരത്തിന് പൂർണ പിന്തുണയുമായി യുഎൻഎയുടെ സംസ്ഥാന നേതാക്കൾ രംഗത്തുണ്ട്.

പിരിച്ചുവിടപ്പെട്ട ഒൻപത് നഴ്സുമാരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് പത്താം ദിവസത്തിലേക്ക് കടന്നു. കരാർ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ പ്രവർത്തകരായ നഴ്സുമാരെ ആശുപത്രി അധികൃതർ നോട്ടീസ് പോലും നല്കാതെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. യുഎൻഎ യൂണിറ്റ് ആരംഭിച്ചതുമുതൽ മാനേജ്മെൻറ് യുഎൻഎയുടെ പ്രവർത്തകരായ നഴ്സുമാർക്ക് എതിരെ പ്രതികാര നടപടികൾ ആരംഭിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് യുഎൻഎയുടെ തീരുമാനം.

ഹോസ്പിറ്റലിനു മുമ്പിൽ സമരം നടത്തുന്ന നഴ്സുമാർക്ക് മുന്നിലെത്തി ഹ്യൂമൻ റിസോഴ്സസ് ജീവനക്കാരൻ അസഭ്യമായ പ്രദർശനം നടത്തിയത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഴ്സുമാരായ പെൺകുട്ടികളുടെ മുൻപിലാണ് ബാബു എന്ന ആൾ പാന്റിൻറെ സിബ്ബ് ഊരിക്കാണിക്കുന്ന അസഭ്യത പ്രദർശിപ്പിച്ചത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പോലീസ് പിന്നീട് കേസ് രജിസ്റ്റർ ചെയ്തു.