ആരൊക്കെ മറന്നാലും ഫെബ്രുവരി 17 എന്ന ദിവസവും അന്ന് തന്റെ ജീവിതത്തിലുണ്ടായ തിക്താനുഭവവും താനും തന്റെ കുടുംബവും ഒരു കാലത്തും മറക്കില്ലെന്ന് ഭാവന. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഭാവന താന്‍ നേരിട്ട ദുരനുഭവത്തെ കുറിച്ചു പറയുന്നത് .
‘കേസന്വേഷണവുമായി ബന്ധപ്പെട്ട് ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിവാഹ നിശ്ചയ ദിവസം എന്നെ കാണാന്‍ വന്നിരുന്നു. ചടങ്ങുകള്‍ നടക്കുന്നത് അറിയാതെയാണ് അവര്‍ വന്നത്. ഏറ്റവും സന്തോഷമായി ഇരിക്കേണ്ട ആ ദിവസം പോലും ഞാന്‍ അവര്‍ക്കായി മണിക്കൂറുകള്‍ മാറ്റി വെച്ചു.’ ഭാവന പറയുന്നു. കേസ് എത്രയും പെട്ടെന്ന് കോടതിയിലെത്തിച്ച് പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയാണ് ഇപ്പോഴത്തെ തന്റെ ലക്ഷ്യമെന്നും ആരെങ്കിലും പറഞ്ഞിട്ടോ പേടിപ്പിച്ചിട്ടോ അല്ല, കേസ് നടക്കുന്നത് കൊണ്ടു മാത്രമാണ് വിഷ്വല്‍ മീഡിയയിലൊന്നും അഭിമുഖത്തിന് പോകാത്തതെന്നും താരം പറയുന്നു. തന്റെ വാക്കുകള്‍ എതിര്‍ ഭാഗം വളച്ചൊടിച്ചാലോ എന്ന് ഭയക്കുന്നതായും നടി പറഞ്ഞു.
എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായി. എന്നെ തട്ടിക്കൊണ്ടുപോകുന്നു. എന്നെ മോശമാക്കി വീഡിയോ ചിത്രീകരിക്കുന്നു. ഞാനിത് എങ്ങനെ പുറത്ത് പറയാത്തിരിക്കും. ഇതു മൂടി വച്ചാൽ നാളെ എന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാം. ഞാൻ എങ്ങനെയാണ് മനസറിഞ്ഞ് ചിരിക്കുന്നത്. എങ്ങനെയാണ് ഉറങ്ങുന്നത്. എങ്ങനെയാണ് ജീവിക്കുന്നത്. ഇങ്ങനെയൊരു വീഡിയോ വച്ച് അവന് എന്റെ ജീവിതത്തിൽ എങ്ങനെ വേണമെങ്കിലും ഇടപെടാം. അങ്ങനെ എന്റെ ജീവിതത്തിന്റെ താക്കോൽ എവിടെയോ കിടക്കുന്ന ഒരുത്തന് കൊടുക്കില്ല.ഞാൻ ഇത്രയും പ്രായമുള്ള ഒരാളാണ്. വെറും കുട്ടിയല്ല. എന്നെ, എന്റെ അമ്മയോ ഭർത്താവോ സഹോദരനോ നിയന്ത്രിച്ചോട്ടെ. അതെനിക്ക് പ്രശ്നമില്ല. ഇത് ഏതോ ഒരുത്തൻ വന്ന് എന്റെ ജീവിതത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാനാവില്ല. എനിക്കെന്നല്ല ആർക്കും പ്രതികരിക്കാതിരിക്കാനാവില്ല, ഭാവന പറയുന്നു .
സത്യത്തിൽ എനിക്കുണ്ടായ തിക്താനുഭവം കൊണ്ടാകാം, ആ സംഭവത്തിനുശേഷം ആൾക്കാരെ അനാവശ്യമായി സംശയിക്കാനുള്ള പ്രവണത എനിക്കുള്ളതായി തോന്നുന്നു. അപരിചിതരായ ആൾക്കാരുമായി ഇടപഴക്കേണ്ടിവരുമ്പോൾ പ്രത്യേകിച്ചും. ഇയാൾ ചതിയനാണോ എന്തെങ്കിലും ഉദ്ദേശ്യത്തോടെയാണോ എന്നോട് സംസാരിക്കാൻ വരുന്നത് ചതിക്കുമോ എന്നൊക്കെയുള്ള ആശങ്ക. ഇതു നല്ലതല്ല എന്ന് എനിക്കുതന്നെ അറിയാം പതുക്കെ പതുക്കെ ഇതൊക്കെ മാറ്റിയെടുക്കണം എന്നും ഭാവന പറയുന്നു.
Leave a Reply