ന്യുസ് ഡെസ്ക്

ഗ്ലോസ്റ്റര്‍ :  ഈ കഴിഞ്ഞ ആഴ്ചയില്‍ ജി സി എസ് ഇ പരീക്ഷയുടെ ഫലം പുറത്ത് വന്നപ്പോള്‍ പലരും ചര്‍ച്ച ചെയ്തതും , വാര്‍ത്തകളില്‍ ഇടം നേടിയതുമൊക്കെ യുകെയിലെ ഗ്രാമര്‍ സ്കൂളുകളെപ്പറ്റിയും അവിടെ പഠിച്ച് നല്ല മാര്‍ക്ക് വാങ്ങി വിജയിച്ച മലയാളി കുട്ടികളെ പറ്റിയുമായിരുന്നു .  എന്നാല്‍ ഇപ്പോള്‍ ഗ്ലോസ്റ്റര്‍ഷെയറില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ സാധാരണ സ്ക്കൂളില്‍ മക്കളെ പഠിപ്പിക്കുന്ന എല്ലാ യുകെ മലയാളി മാതാപിതാക്കള്‍ക്കും ആശ്വാസകരവും അതോടൊപ്പം അഭിമാനകരവുമായ ഒരു വാര്‍ത്തയാണ് .  അത് മറ്റൊന്നുമല്ല ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ കിട്ടാത്തതിന്റെ പേരില്‍ വേദനിക്കുകയും , അവസാനം സാധാരണ സ്ക്കൂളില്‍ ചേര്‍ന്ന് പഠിച്ച് ഗംഭീര വിജയം നേടുകയും ചെയ്ത ഒരു മലയാളി പെണ്‍കുട്ടിയെപ്പറ്റിയാണ് . ഗ്ലോസ്റ്റര്‍ഷെയറിലെ ഇംഗ്ലീഷ് മാധ്യമങ്ങളടക്കം ഈ മിടുക്കി കുട്ടിയുടെ വിജയം വാര്‍ത്തയാക്കി കഴിഞ്ഞു.

ഗ്ലോസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന കോട്ടയംകാരായ ബൈജുവിന്റെയും ബിജിയുടെയും മൂത്ത മകളായ ഭവ്യ ബൈജുവാണ് സാധാരണ സ്ക്കൂളില്‍ പഠിച്ച് ജി സി എസ് ഇ പരീക്ഷയില്‍ അഭിമാനകരമായ വിജയം നേടിയതിന്റെ പേരില്‍ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ഇടം നേടിയത് . ഇപ്രാവശ്യത്തെ ജി സി എസ് ഇ പരീക്ഷയില്‍ രണ്ട് വിഷയങ്ങളില്‍ ഗ്രേഡ് 9  ( ഡബിള്‍‍ സ്റ്റാര്‍ ) നേടിയും , നാലു വിഷയങ്ങളില്‍ ഗ്രേഡ് 8 ( എ സ്റ്റാര്‍ ) നേടിയും, മറ്റ് രണ്ട് വിഷയങ്ങളില്‍ ഗ്രേഡ് 7 ( എ ) നേടിയുമാണ് ഭവ്യ ബൈജു ഗ്ലോസ്റ്ററിലെ ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളിന്റെ അഭിമാനമായി മാറിയത്.

ഭാവ്യയോടൊപ്പം ഗ്രാമര്‍ സ്ക്കൂള്‍ പരീക്ഷ എഴുതിയ കുട്ടികളില്‍ ഭവ്യയ്ക്ക് ഒഴികെ മറ്റ് എല്ലാം കുട്ടികള്‍ക്കും ഗ്രാമര്‍ സ്ക്കൂളില്‍ പ്രവേശനം ലഭിച്ചിരുന്നു .  പക്ഷെ തനിക്ക് മാത്രം ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ കിട്ടാതിരുന്നത് ഭാവ്യയെ വളരെയധികം വേദനിപ്പിച്ചിരുന്നു .  എന്നാല്‍ ആ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് നിശ്ചയദാര്‍ഢ്യത്തോടെ പഠിച്ച ഭവ്യ ബൈജു നേടിയത് തിളക്കമാര്‍ന്നതും , മാതൃകാപരവുമായ  വിജയമാണ് .  അതോടൊപ്പം സാധാരണ സ്ക്കൂളില്‍ പഠിച്ചാലും മനസ്സ് വച്ചാല്‍ ഏതൊരു യുകെ മലയാളി വിദ്യാര്‍ത്ഥിക്കും ഗ്രാമര്‍ സ്ക്കൂളില്‍ പഠിക്കുന്ന കുട്ടികളെക്കാള്‍ അഭിമാനകരമായ നേട്ടം കൈവരിക്കാനാവുമെന്നും ഭവ്യ ബൈജു തന്റെ ഈ മനോഹരമായ വിജയത്തിലൂടെ തെളിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മക്കള്‍ ഗ്രാമര്‍ സ്ക്കൂള്‍ പരീക്ഷ വിജയിച്ചതിന്റെ പേരില്‍ സ്വന്തം മക്കളെ വാനോളം പുകഴ്ത്തുകയും , മറ്റ് കുട്ടികളെ പരിഹസിക്കുകയും ചെയ്യുന്ന ചുരുക്കം ചില യുകെയിലെ മലയാളി മാതാപിതാക്കള്‍ക്കും ഭവ്യ ബൈജുവിന്റെ ഈ തകര്‍പ്പന്‍ വിജയം ഒരു പാഠമാണ് .  ഏത് സ്ക്കൂളില്‍ പഠിക്കുന്നു എന്നതിനെക്കാള്‍ ഉപരി എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാന്യമെന്നതാണ് ഭവ്യ ബൈജു തന്റെ വിജയത്തിലൂടെ തെളിയിച്ചിരിക്കുന്നത് .  അതോടൊപ്പം മക്കളെ തങ്ങളുടെ പൊങ്ങച്ചത്തരത്തിനും , മറ്റ് കുട്ടികളുമായുള്ള അനാരോഗ്യ മത്സരങ്ങള്‍ക്കും ഉപയോഗിക്കാതെ അവരുടെ വ്യക്തിപരമായി കഴുവുകളെ മനസ്സിലാക്കി പടിപ്പിക്കുക എന്നതാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.

തങ്ങളുടെ മകള്‍ക്ക് മാത്രം ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ ലഭിക്കാതെ വന്നപ്പോള്‍ വളരെയധികം വേദനയും നിരാശയും തോന്നിയിരുന്നുവെന്ന് മാതാപിതാക്കളായ ബൈജുവും ബിജിയും പങ്കുവയ്ക്കുന്നു . എന്നാല്‍ ഇന്ന് സ്വന്തം മകള്‍ നാടിനും വീടിനും യുകെയിലെ മറ്റ് എല്ലാ കുട്ടികള്‍ക്കും മാതൃകയായി വിജയിച്ചപ്പോള്‍ അവളെയോര്‍ത്ത് അഭിമാനം തോന്നുന്നുവെന്ന് അവര്‍ പറയുന്നു .  അതോടൊപ്പം ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ ആരും സ്വന്തം മക്കളെ കുറ്റപ്പെടുത്തുകയോ , പരിഹസിക്കുകയോ ചെയ്യരുത് എന്ന് ആ നല്ല മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു .  മറിച്ച് എല്ലാ തരത്തിലുള്ള മാനസിക പിന്തുണയും നല്‍കി കൂടെ നിന്നാല്‍ ഏതൊരു യുകെ മലയാളി വിദ്യാര്‍ത്ഥിക്കും നല്ല വിജയം നേടിയെടുക്കാന്‍ കഴിയുമെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു.

ഇംഗ്ലീഷ് ഭാഷയ്ക്കും , ഇംഗ്ലീഷ് സാഹിത്യത്തിനും ഭവ്യ ബൈജു ഗ്രേഡ് 9 ( ഡബിള്‍‍ സ്റ്റാര്‍ ) നേടിയതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളിന്റെ ഹെഡ് ടീച്ചറായ സാറ ടഫ്നെല്‍ പറഞ്ഞു .  ഇന്ത്യയില്‍ ജനിച്ച് , ഏഷ്യന്‍ പശ്ചാത്തലത്തില്‍ പഠിച്ചു വളര്‍ന്നു വന്ന ഭവ്യ ബൈജുവിന് മാത്രമാണ് ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളില്‍ ഇംഗ്ലീഷ് ഭാഷയ്ക്കും , ഇംഗ്ലീഷ് സാഹിത്യത്തിനും ഗ്രേഡ് 9 ( ഡബിള്‍‍ സ്റ്റാര്‍ ) ലഭിച്ചത് .  മറ്റ് കുട്ടികളുടെ വിജയത്തില്‍ നിന്ന് ഭവ്യയെ വേറിട്ടതാക്കുന്നതും ഇംഗ്ലീഷ് വിഷയങ്ങളില്‍ നേടിയ ഈ ഗംഭീര വിജയം തന്നെയാണ്.

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനിലെ അംഗമായ ഭവ്യ ബൈജു പഠിത്തത്തോടൊപ്പം കലാമത്സരങ്ങളിലും തന്റെ കഴിവുകള്‍ തെളിയിച്ച ഒരു തികഞ്ഞ കലാകാരിയാണ് .  തന്റെ സ്ക്കൂളായ ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളില്‍ നടന്ന യുകെ മാത്ത്സ് ചലഞ്ചിലും , കണ്ടംപ്രററി ഡാന്‍സിലും വിജയിയായിരുന്നു ഭവ്യ .  ഭരതനാട്യത്തില്‍ ഗ്രേഡ് 5 ഉം നേടിയിട്ടുണ്ട്  ഭവ്യ .  മോഹിനിയാട്ടം , ഭരതനാട്യം , സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയവയില്‍ മത്സരിച്ച് യുക്മയുടെ മത്സരവേദികളില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനുവേണ്ടി അനേകം സമ്മാനങ്ങള്‍ നേടിയെടുത്തിട്ടുള്ള ഈ കലാകാരിക്ക് തുടര്‍ന്നുള്ള പഠനത്തിലും ഇതേ വിജയങ്ങള്‍ നേടിയെടുത്ത് യുകെയിലെ എല്ലാ മലയാളി കുട്ടികള്‍ക്കും മാതൃകയും , പ്രചോതനവുമായി മാറാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.