ഫാ. ബിജു കുന്നയ്ക്കാട്ട്
ബ്രിസ്റ്റോള്‍: എട്ടു റീജിയനുകളില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നുവന്ന കലാമാമാങ്കത്തിന് ഇന്ന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ വര്‍ണാഭമായ സമാപനം. പത്തു വേദികളിലായി രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെ നടക്കുന്ന ബൈബിള്‍ അധിഷ്ഠിത കലാമത്സരങ്ങളില്‍ ആയിരത്തിഇരുന്നൂറില്‍പ്പരം കലാകാരന്മാര്‍ തങ്ങളുടെ സര്‍ഗ്ഗവാസനകളുടെ മാറ്റുരക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സംഘാടകസമിതി, കണ്‍വീനര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
രാവിലെ 8.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതോടെ കലയുടെ കേളികൊട്ടിന് തുടക്കമാകും. കൃത്യം ഒന്‍പതു മണിക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്, കലോത്സവത്തിന്റെ സ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന പ്രത്യേക സുവനീര്‍ പ്രകാശനം നടക്കും. അതിനു ശേഷം പത്തു വേദികളിലായി മതസരങ്ങള്‍ ആരംഭിക്കും. റീജിയണല്‍ മത്സരങ്ങളില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കിട്ടിയവരും ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നാം സ്ഥാനം കിട്ടിയവരുമാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. വൈകിട്ട് 6.30ന് നടക്കുന്ന സമ്മാനദാന ചടങ്ങുകളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിയായിരിക്കും.
വിപുലമായ ഒരുക്കങ്ങളുമായാണ് സംഘാടകസമിതി അതിഥികളെ സ്വാഗതം ചെയ്യുന്നത്. ദൂരെനിന്നും വരുന്നവര്‍ക്കും നേരത്തെ എത്തുന്നവര്‍ക്കുമായി താമസസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. ബസുകളിലും സ്വകാര്യവാഹനങ്ങളിലുമായി വരുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. മത്സരങ്ങളില്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതിന് വിദഗ്ദരായ വിധികര്‍ത്താക്കളുടെ സേവനം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ബൈബിള്‍ കലോത്സവം സംഘടിപ്പിക്കുന്ന ബ്രിസ്റ്റോള്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനപരിചയവും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സഹായകമാകും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ടു റീജിയനുകളില്‍ നിന്നെത്തുന്ന എല്ലാ മത്സരാര്‍ഥികള്‍ക്കും വിജയാശംസകള്‍.
മത്സര സമയം, സ്റ്റേജ് വിവരങ്ങള്‍, പൊതു നിര്‍ദ്ദേശങ്ങള്‍ എന്നിവ ചുവടെ:
Leave a Reply