ബിർമിങ്ഹാം: പ്രവാസികളായ മലയാളി വിശ്വാസികൾ കലാരൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ കൊവെൻട്രി റീജിണൽ കലോത്സവത്തിൽ ജനസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചപ്പോൾ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമായി മാറിയ നിമിഷങ്ങളായിരുന്നു. ഓരോ വര്‍ഷം പിന്നിടുമ്പോഴും കലോത്സവം അതിന്റെ വളർച്ചയുടെ ഗ്രാഫ് മുന്നോട്ടുതന്നെയാണ് എന്ന് വിളിച്ചോതുന്നതായിരുന്നു കൊവെൻട്രി റീജിയണൽ ബൈബിൾ കലോത്സവം. വചനം കുട്ടികള്‍ പാട്ടിലൂടെയും നൃത്തത്തിലൂടെയും സ്‌കിറ്റിലൂടെയുമൊക്കെ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് കാണികള്‍ക്കു നല്‍കുന്ന സംതൃപ്തി ഒന്ന് വേറെ തന്നെയാണ്.ദൈവ വഴിയിലൂടെ വചനത്തിന്റെ മാഹാത്മ്യം ഉള്‍ക്കൊണ്ട് കുട്ടികള്‍ വളര്‍ന്നുവരുന്നുവെന്നും അവര്‍ വിശ്വാസത്തിലുറച്ചുള്ള ജീവിതം ഇനിയും തുടരുമെന്നും ഓരോ ബൈബിള്‍ കലോത്സവവും നമ്മളെ ഓര്‍മ്മിപ്പിക്കും. കുരുന്നുമനസിലെ ദൈവ ചിന്തയുടെ ആഴം ചിലപ്പോഴൊക്കെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യങ്ങൾ നാം കാണുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനുശേഷം സംഘടിപ്പിച്ച മൂന്നാമത് കൊവെൻട്രി റീജിയണൽ ബൈബിള്‍ കലോത്സവം ഉത്ഘാടനം രാവിലെ പത്തുമണിയോട് കൂടി നിർവഹിച്ചത് ചാൻസിലർ ഫാ: മാത്യു പിണങ്ങാട്ട് ആണ്. തുടർന്ന് ബൈബിളിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന അവിസ്മരണീയ കാഴ്ചകൾ പകർന്നു നൽകി കലോത്സവം മുൻപോട്ട് പോയി. ഇന്നലെ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൊവെൻട്രി റീജിയണിലെ 23 മാസ് സെന്ററുകളിൽ നിന്നായി എത്തിച്ചേർന്നത് നൂറുകണക്കിന് മത്സരാത്ഥികൾ.
പല വേദികളിലായി ഇടവിടാതെ ബൈബിള്‍ ക്വിസ്, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, ബൈബിള്‍ സ്‌കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ ദൃശ്യവിരുന്ന് ഒരുക്കിയപ്പോൾ മത്സരം കടുത്തതായി. വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികളുടെ പ്രതിഭ മാറ്റുരച്ചപ്പോള്‍ 158 പോയിന്റോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്റർ (സ്റ്റോക്ക്, ക്രൂ, സ്റ്റാഫ്‌ഫോർഡ് എന്നീ മാസ്സ് സെന്ററുകൾ ഉൾപ്പെടുന്നു ) 2018 ൽ നേടിയ റീജിണൽ കിരീടം 2019 ലും നിലനിർത്തി. 116 പോയിന്റോടെ കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പ് ആയിരുന്ന ഡെർബി മിഷൻ സെന്റററിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിർമിങ്ഹാം സൾറ്റ്ലി മിഷൻ സെന്റർ തങ്ങളുടെ കരുത്ത് തെളിയിച്ചു. 100 പോയിന്റുകൾ നേടുവാനെ ഡെർബിക്ക് സാധിച്ചുള്ളൂ. സ്റ്റോക്ക് ഓൺ ട്രെൻഡ് ഒരിക്കൽ കൂടി കിരീടം നേടിയപ്പോൾ മിഷൻ ഇൻ ചാർജ് ആയ ഫാ: ജോർജ്ജ് എട്ടുപറയിലിന്റെ മുഖത്തു തെളിഞ്ഞ പുഞ്ചിരി തന്നെ എല്ലാം വെളിവാക്കുന്നതായിരുന്നു. അച്ഛൻ പയറുന്നതുപോലെ ‘മത്സരിക്കാൻ പോകുന്നത് ജയിക്കാനാ….’ സ്റ്റോക്ക് മിഷന്റെ മൽസരങ്ങൾ കോർഡിനേറ്റ് ചെയ്‌തത് കലോത്സവം കോഓർഡിനേറ്റർ ഷെറിൻ ക്രിസ്‌റ്റിയും ഹെഡ് ടീച്ചർ ആയ തോമസ്കുട്ടിയും ചേർന്നാണ്. കഴിഞ്ഞ കാല കലോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വര്‍ഷത്തെ നിയമാവലിയില്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഇത്തവണ എട്ട് റീജിയണുകളിൽ നടക്കുന്ന മത്സരങ്ങളില്‍ നിന്ന് വ്യക്തിഗത ഇനത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്ന രണ്ടുപേരേയും, ഗ്രൂപ്പ് ഇനങ്ങളിലെ വിജയികളായ ഒരു ടീമിനും മാത്രമേ രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കാനാകൂ. കഴിഞ്ഞ വര്‍ഷത്തെ അഭൂതപൂര്‍വ്വമായ തിരക്ക് മൂലമാണ് ഈ രീതിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ബൈബിള്‍ കലോത്സവം 2019 വര്‍ണ്ണാഭമായി പരിസമാപ്തി കുറിച്ചപ്പോൾ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്രയധികം മത്സരങ്ങൾ ഉണ്ടായിട്ടും എട്ടരമണിയോട് കൂടി സമ്മാനദാനവും നിർവഹിച്ചു പരിപാടി പൂർണ്ണമാകുമ്പോൾ റീജിണൽ തലത്തിൽ ഇത് വിശ്വാസികളായ എല്ലാവർക്കും അഭിമാനനിമിഷം.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ എസ്എംഇജിബി ബൈബിള്‍ കലോത്സവത്തില്‍ കൊവെൻട്രി ഉൾപ്പെടെ രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികള്‍ ആണ് പങ്കെടുക്കുക. മൂന്നാമത് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ നാഷണൽ ബൈബിള്‍ കലോത്സവം ഇക്കുറി നവംബര്‍ 16 ശനിയാഴ്ച ലിവര്‍പൂളില്‍ വച്ച് നടക്കുന്നു. ലിവര്‍പൂളിലെ ഡാ ലാ സാലേ അകാദമിയിലാണ് ബൈബിള്‍ കലോത്സവം അരങ്ങേറുന്നത്.
Leave a Reply