വടക്കന്‍ അയര്‍ലന്റിലെ ഗര്‍ഭിഛിദ്രനിയമത്തില്‍ ഇളവ് വരുത്താനുളള നിര്‍ദേശങ്ങള്‍ സ്റ്റോര്‍മോണ്ട് അസംബ്ലി തളളി. നാല്‍പ്പതിനെതിരെ 59 വോട്ടുകള്‍ക്കാണ് നിയമം പാസാകാതെ പോയത്. ഭ്രൂണത്തിന് മാരകമായ പ്രശ്‌നങ്ങള്‍ ഉളളപ്പോഴും ലൈംഗിക കുറ്റകൃത്യങ്ങളിലൂടെ ഗര്‍ഭം ധരിക്കുമ്പോഴും ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ആവശ്യമാണ് നിരാകരിക്കപ്പെട്ടത്. അര്‍ദ്ധരാത്രിവരെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് നിര്‍ദേശം തളളിയത്. മാറ്റങ്ങളെ ഡെമോക്രാറ്റിക് യൂണിയനുകളും എസ്ഡിഎല്‍പിയും നേരത്തെ തന്നെ എതിര്‍ത്തിരുന്നു. അത് കൊണ്ട് തന്നെ നിയമം പാസാകാനുളള സാധ്യതകളും കുറവാണെന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു.
1967ലെ അബോര്‍ഷന്‍ ആക്ട് യുകെയിലെ മറ്റിടങ്ങളിലെ പോലെ വടക്കന്‍ അയര്‍ലന്റില്‍ നടപ്പാക്കിയിരുന്നില്ല. അമ്മമാരുടെ ജീവനും മാനസിക നിലയ്ക്കും ഭീഷണിയാകുന്ന ഘട്ടങ്ങളില്‍ മാത്രമാണ് ഇവിടെ ഗര്‍ഭഛിദ്രത്തിന് അനുമതിയുളളത്. അലയന്‍സ് പാര്‍ട്ടിയുടെ അംഗങ്ങളായ സ്റ്റ്യുവര്‍ട്ട് ഡിക്‌സനും ട്രെവര്‍ ലണ്ണുമാണ് ഭ്രൂണത്തിന് നിലനില്‍ക്കാനാകാത്ത സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. തനിക്ക് നേരിട്ട ഇത്തരമൊരു അനുഭവം വിവരിച്ചാണ് ലണ്‍ ഈ നിര്‍ദേശം അവതരിപ്പിച്ചത്. ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നവരോട് അനുഭാവം പ്രകടിപ്പിക്കാത്ത എതിരാളികളെ അദ്ദേഹം വിമര്‍ശിച്ചു.
എല്ലാ തയാറെടുപ്പുകളും നടത്തിയെങ്കിലും തങ്ങളുടെ കുഞ്ഞ് മരിച്ച് പോയെന്ന് അദ്ദേഹം വ്യക്തമാക്കി. ആ തീരുമാനത്തിന്റെ വേദന ഇന്നും ഞങ്ങളെ വിട്ട് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഏറെ പ്രാധാന്യമുളള സംഗതിയാണ്. നമ്മുടെ രാജ്യത്തിന്റെ സ്വയംമതിപ്പിനും അത് അത്യാവശ്യമാണ്. ഇതിനായി നാം എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്നും ലണ്‍ കൂട്ടിച്ചേര്‍ത്തു.
സഭയിലെ ചര്‍ച്ചകള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യത്തെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യമന്ത്രി ഒരു കമ്മീഷനെ നിയോഗിക്കണമെന്ന നിര്‍ദേശം ഡിയുപി മുന്നോട്ട് വയ്ക്കുന്നു. പ്രശ്‌നത്തില്‍ ആറ്മാസത്തിനകം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. വിഷയം തീര്‍ത്തും വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടതാണ്. ധൃതിപിടിച്ചൊരു തീരുമാനം എടുക്കേണ്ടതില്ലെന്നും ഡിയുപി പറഞ്ഞു. ഗര്‍ഭഛിദ്ര നിയമം പരിഷ്‌ക്കരിക്കാത്തത് സ്ത്രീകളോട് കാട്ടുന്ന വഞ്ചനയാണെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ വാദം.