ലണ്ടന്‍: ചെലവേറിയ ഷോപ്പിംഗുകള്‍ നിരാശയുണ്ടാക്കുന്നവയാണെങ്കിലും ചെറിയൊരു തുക തിരികെ നല്‍കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകാറുണ്ട്. ടെസ്‌കോയുടെ ക്ലബ്കാര്‍ഡും സെയിന്‍സ്ബറീസ് നല്‍കുന്ന നെക്റ്റാര്‍ കാര്‍ഡും ഉപഭോക്താക്കള്‍ ഷോപ്പിംഗ് നടത്തുന്നതിന് അനുസരിച്ച് പോയിന്റുകള്‍ നല്‍കുകയും മറ്റു ചിലയിടങ്ങളില്‍ ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും. പെട്രോള്‍ സ്‌റ്റേഷനുകളിലും മറ്റുമാണ് ഈ കാര്‍ഡിലെ ഡിസ്‌കൗണ്ടുകള്‍ മിക്കയാളുകളും ഉപയോഗിക്കാറുള്ളത്. ഇതിനായി എണ്ണ കമ്പനികളും സൂപ്പര്‍മാര്‍ക്കറ്റുകളുമായി പാര്‍ട്‌നര്‍ഷിപ്പുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യുകെയിലെ ഇത്തരം പങ്കാളിത്തങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ നടക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. രണ്ട് പെട്രോള്‍ കമ്പനികള്‍ സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
2019 മധ്യത്തോടെ ടെസ്‌കോ ക്ലബ്കാര്‍ഡ് പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് എസ്സോ അറിയിച്ചു. നെക്റ്റാര്‍ ആണ് ഇവരുടെ പുതിയ പങ്കാളി. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ എസ്സോ ബ്രാന്‍ഡഡ് സ്റ്റേഷനുകളില്‍ ഇന്ധനം നിറയ്ക്കുന്നവര്‍ക്ക് നെക്റ്റാര്‍ പോയിന്റുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്കാണ് തങ്ങള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് എസ്സോയുടെ ഗ്ലോബല്‍ ലോയല്‍റ്റി പ്രോഗ്രാംസ് മാനേജര്‍ ഡേവിഡ് ചില്‍ട്ടന്‍ പറഞ്ഞു. അതിനാലാണ് നെക്റ്റാറുമായി പാര്‍ട്‌നര്‍ഷിപ്പ് ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുന്ന പങ്കാളിത്തത്തിലേക്ക് എസ്സോയെ സ്വാഗതം ചെയ്യുന്നതായി നെക്റ്റാറും അറിയിച്ചു.
അതേ സമയം നെക്റ്റാറുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബിപി അറിയിച്ചു. 2019ല്‍ പുതിയ ലോയല്‍റ്റി പ്രോഗ്രാം ആരംഭിക്കുമെന്നാണ് ബിപി അറിയിച്ചിരിക്കുന്നത്. എം ആന്‍ഡ് എസ് സിംപ്ലി ഫുഡ് സ്റ്റോറുകളില്‍ തങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്നാണ് ബിപി വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന കാര്യമാണ് സാധിച്ചുകൊടുക്കാന്‍ കമ്പനി തയ്യാറായിരിക്കുന്നതെന്ന ബിപിയുടെ യുകെ റീട്ടെയില്‍ ഹെഡ് നിക്കി ഗ്രേഡി സ്മിത്ത് പറഞ്ഞു.
Leave a Reply