ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് സഹായങ്ങളുടെ ചിലവ് തിരിച്ചുപിടിക്കാനുള്ള തന്റെ പദ്ധതി ദരിദ്രരെ ബാധിക്കുമെന്ന അവകാശവാദം നിരസിച്ച് ചാൻസലർ റിഷി സുനക്. വ്യക്തിഗത അലവൻസുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെ നികുതിയിൽ പല മാറ്റങ്ങളും ഇന്നലത്തെ ബജറ്റിൽ അദ്ദേഹം അവതരിപ്പിച്ചു. 2022 ഏപ്രിൽ മുതൽ നാല് വർഷത്തേയ്ക്കാണ് ഇൻകം ടാക്സ് ത്രെഷോൾഡ് മരവിപ്പിക്കുന്നത്. അതിനാൽ തന്നെ പത്തു ലക്ഷം ആളുകൾ കൂടി ആദായനികുതി അടയ്ക്കാൻ തുടങ്ങും. ഈ പദ്ധതി ഉയർന്ന വരുമാനമുള്ളവരെ കൂടുതൽ ബാധിക്കുമെന്നും സുനക് കൂട്ടിച്ചേർത്തു. നികുതി നിരക്ക് വർദ്ധിപ്പിക്കാതെ കൂടുതൽ നികുതിദായകരെ സൃഷ്ടിച്ചെടുക്കുകയാണ് സുനക്. പത്തുലക്ഷത്തിലേറെ ആളുകളെ വരുമാന നികുതിയുടെ പരിധിയിലേയ്ക്ക് കൊണ്ടുവരുന്നതിലൂടെ ബ്രിട്ടന്റെ നികുതി ബാധ്യത 1960ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തും. സർക്കാർ വകുപ്പുകളുടെ ബജറ്റിൽ നിന്ന് ഏകദേശം 4 ബില്യൺ പൗണ്ട് വെട്ടിക്കുറയ്ക്കാനും ചാൻസലർ പദ്ധതിയിടുന്നു. 4 ബില്യൺ പൗണ്ടിന്റെ വെട്ടിക്കുറവ് പ്രാദേശിക സർക്കാരിനും മറ്റ് മേഖലകൾക്കും ആണ് ബാധകമാകുക. എൻഎച്ച്‌എസ്, സ്കൂളുകൾ, പ്രതിരോധം എന്നിവയ്‌ക്കായി ചിലവഴിക്കുന്നത് പരിരക്ഷിക്കപ്പെടും.
ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി കണക്കുകൾ പ്രകാരം 2025-26 ഓടെ യുകെയിലെ മൊത്തത്തിലുള്ള നികുതി ഭാരം ദേശീയ വരുമാനത്തിന്റെ 35 ശതമാനത്തിൽ എത്തും. കമ്പനി ലാഭത്തിന്മേലുള്ള നികുതി 19 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തുന്നതിലൂടെ കൂടുതൽ പണം സ്വരൂപിക്കാനുള്ള പദ്ധതിയും ചാൻസലർ തയ്യാറാക്കിക്കഴിഞ്ഞു. 2023ന് ശേഷമാവും ഇത്. ചെറുകിട കമ്പനികളെ ഒഴിവാക്കുകയും ചെയ്യും.
കൊറോണ വൈറസ് പ്രതിസന്ധി മൂലം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനായി കഴിഞ്ഞ വർഷം അവതരിപ്പിച്ച യൂണിവേഴ്സൽ ക്രെഡിറ്റിലെ പ്രതിവാര £ 20 വർദ്ധനവ് സെപ്റ്റംബറിൽ അവസാനിക്കുമെന്ന് ബജറ്റ് സമയത്ത് സുനക് പ്രഖ്യാപിച്ചു. എന്നാൽ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് ഭാവിയിൽ വളരെ പ്രയാസകരമായ സമയം ഉണ്ടാകുമെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ചാൻസലർ അന്നലീസി ഡോഡ് സ് മുന്നറിയിപ്പ് നൽകി.
Leave a Reply