ന്യൂസ് ഡെസ്ക്, മലയാളം യുകെ
2018 മെയ് മാസത്തിൽ M6 സ്മാർട്ട് മോട്ടോർവേയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ടുവയസ്സുകാരനായ മകൻ ദേവ് നാരനെ നഷ്ടപ്പെട്ടതോടെയാണ് നിലവിൽ യുകെയിലെ ലെസ്റ്ററിൽ താമസിക്കുന്ന മീരയുടെ റോഡ് സുരക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടം ജീവിത വൃതമായി എടുത്തത് . ഹാർഡ് ഷോൾഡർ ഒഴിവാക്കിയ സ്മാർട്ട് മോട്ടോർവേ ഭാഗത്ത് കാർ നിർത്തേണ്ടി വന്നപ്പോൾ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ആണ് അവരുടെ മകൻ ദേവ് മരിച്ചത്. ഈ ദുരന്തമാണ് റോഡ് സുരക്ഷയെ ജീവിത ദൗത്യമായി മാറ്റാൻ മീരയെ പ്രേരിപ്പിച്ചത്.

ദേവിന്റെ മരണത്തിന് പിന്നാലെ ‘Safer Drivers on Safer Roads’ എന്ന ക്യാമ്പെയ്ൻ ആരംഭിച്ച മീര, സ്മാർട്ട് മോട്ടോർവേ ഡിസൈൻ പുനഃപരിശോധിക്കണമെന്നും, എല്ലാ പുതിയ വാഹനങ്ങളിലും ഓട്ടോണോമസ് എമർജൻസി ബ്രേക്കിംഗ് (AEB) പോലുള്ള സുരക്ഷാ സാങ്കേതികവിദ്യകൾ നിർബന്ധമാക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പോരാട്ടം നടത്തി. “ലോറിയിൽ AEB ഉണ്ടായിരുന്നെങ്കിൽ ആ അപകടം പൂർണമായും ഒഴിവാക്കാനാകുമായിരുന്നു,” എന്ന മീരയുടെ വാദം ദേശീയ ശ്രദ്ധ നേടി. ഇതിന്റെ ഫലമായി ‘ദേവിന്റെ നിയമം’ (Dev’s Law) എന്ന പേരിൽ പുതിയ വാഹനങ്ങളിൽ നിർബന്ധ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തുന്ന നയം സർക്കാർ റോഡ് സുരക്ഷാ തന്ത്രത്തിൽ ഉൾപ്പെടുത്തി.

മീരയുടെ ഇടപെടലുകൾ യുകെ സർക്കാരിനെ സ്മാർട്ട് മോട്ടോർവേ വിപുലീകരണം താൽക്കാലികമായി നിർത്തിവയ്ക്കാനും, ഹൈവേ കോഡിൽ നിർണായക ഭേദഗതികൾ വരുത്താനും പ്രേരിപ്പിച്ചു. റോഡ് സുരക്ഷയ്ക്കുള്ള സേവനങ്ങൾക്ക് ബ്രിട്ടീഷ് സർക്കാർ മീരയ്ക്ക് MBE ബഹുമതിയും നൽകി. “ഇത് എന്റെ ദുഃഖത്തെക്കാൾ വലുതാണ്. ഞങ്ങൾ അനുഭവിച്ച വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്,” എന്ന് മീര പറഞ്ഞു. റോഡ് മരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, ദേവിന്റെ ഓർമയെ നിയമമാക്കി മാറ്റിയ ഈ അമ്മയുടെ പോരാട്ടം ഇനിയും തുടരുമെന്ന് അവർ വ്യക്തമാക്കി.











Leave a Reply