ബിഹാർ മുഖ്യമന്ത്രിയായി തുടർച്ചയായ നാലാം തവണയും ജെഡിയു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി ബിജെപി നേതാക്കളായ തർകിഷോർ പ്രസാദും രേണു ദേവിയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്നിഹിതനായിരുന്നു.
എൻഡിഎ മന്ത്രിസഭയിലെ 14 മന്ത്രിമാരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റിട്ടുണ്ട്. രണ്ട് ഉപമുഖ്യമന്ത്രിമാരെ കൂടാതെ മംഗൾ പാണ്ഡെയും രാംപ്രീത് പാസ്വാനും ബിജെപിയിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
മേവാലൻ ചൗധരി, ഷീല മണ്ഡൽ, വിജേന്ദ്ര യാദവ്, വിജയ് ചൗധരി,അശോക് ചൗധരി, എന്നിവരാണ് ജെഡിയുവിൽ നിന്നുള്ള മന്ത്രിമാർ.
തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധൻ സഖ്യത്തിന്റെ വെല്ലുവിളി എൻഡിഎ സഖ്യം മറികടന്നാണ് പുതിയ സർക്കാർ രൂപീകരിച്ചിരിക്കുന്നത്. 243 അംഗ ബിഹാർ നിയമസഭയിൽ 125 സീറ്റുകളിൽ വിജയിച്ചാണ് എൻഡിഎ അധികാരത്തിലെത്തിയത്. 74 സീറ്റുകൾ നേടി ബിജെപി എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയപ്പോൾ 43 സീറ്റുകളാണ് നിതീഷിന്റെ ജെഡിയുവിന് നേടാൻ കഴിഞ്ഞത്.
ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആർജെഡിയുടെ നേതാവ് തേജസ്വി യാദവ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചിരുന്നു.
Leave a Reply