പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ പിന്തള്ളി എന്‍ഡിഎ മുന്നണിക്ക് മുന്നേറ്റം.നിലവിലെ ലീഡ് നിലയനുസരിച്ച് കേവല ഭൂരിപക്ഷത്തിന് വേണ്ട 122 എന്ന മാന്ത്രിക സംഖ്യ പിന്നിട്ടുണ്ട് എന്‍ഡിഎ. എന്നാൽ 20-25 ശതമാനം വോട്ടുകള്‍ മാത്രമേ എണ്ണിയിട്ടുള്ളുവെന്നാണ് റിപ്പോർട്ട്. മുന്നണിയില്‍ ജെഡിയുവിനെ പിന്തള്ളി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുന്നത്. 77 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 47 സീറ്റുകളിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു മുന്നേറുന്നത്.

എക്‌സിറ്റ്‌പോളുകള്‍ അധികാരത്തിലേറുമെന്ന് പ്രവചിച്ച മഹാസഖ്യം നൂറിന് മുകളില്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. 66 സീറ്റുകളിലാണ് ആര്‍ജെഡിക്ക് ലീഡുള്ളത്.

അതേ സമയം കോവിഡ് സുരക്ഷാ നടപടികള്‍ കാരണം വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദം പ്രകടനം ആരംഭിച്ച പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാല്‍ ടേബിളുകളുടെ എണ്ണം കുറവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 20-25 ശതമാനം വോട്ടുകള്‍ മാത്രമേ ഇതുവരെ എണ്ണി തീര്‍ന്നിട്ടുള്ളുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. നേരിയ ലീഡുകള്‍ മാത്രമാണ് പല സീറ്റുകളിലുമുള്ളത്. അതുകൊണ്ട് തന്നെ നിലവിലെ ലീഡ് നിലയില്‍ വലിയ മാറ്റങ്ങളുണ്ടായേക്കാം. നഗരമേഖലകളിലെ ഫലങ്ങളാണ് കൂടുതലും വന്നിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ നിന്ന് വളരെ മന്ദഗതിയിലാണ് ഫലം പുറത്ത് വരുന്നത്. ആര്‍ജെഡിക്ക് വലിയ വേരോട്ടമുണ്ട് ഇവിടങ്ങളില്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമായ ലീഡുയര്‍ത്താന്‍ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തില്‍ പിന്നോട്ടുപോയി. എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപി രണ്ടിടങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്.

എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷ ബാക്കിയാണ്.

55 കേന്ദ്രങ്ങളില്‍ 414 ഹാളുകള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.

ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രം.