ഉത്തർപ്രദേശിൽനിന്ന് ഗംഗാ നദിയിലൂടെ മൃതദേഹങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ റാണിഘട്ടിലെ ഗംഗാ അതിർത്തിയിൽ ബിഹാര്‍ വല സ്ഥാപിച്ചു. ഇതുവരെ 71 മൃതദേഹങ്ങൾ നദിയിൽ നിന്നും എടുത്ത് സംസ്കരിച്ചതായാണ് ബിഹാർ അധികൃതർ വ്യക്തമാക്കുന്നത്. കൂടുതൽ മൃതദേഹങ്ങൾ വരാൻ സാധ്യതയുള്ളതിനാലാണ് നദിയിൽ വല കെട്ടിയതെന്ന് ബിഹാറിലെ മുതിർന്ന ഉദ്യോഗസ്ഥർ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.
“ബിഹാർ–യുപി അതിർത്തിയിൽ റാണിഗഢ് ഭാഗത്ത് നദിയിൽ വലിയ വല കെട്ടിയിട്ടുണ്ട്. ബുധനാഴ്‌ച രാവിലെയും ഒഴുകി വന്ന മൃതദേഹങ്ങൾ അതിൽ കുടുങ്ങി. ഇത് യുപിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കേണ്ടത് അവരാണ്.”– ഉദ്യോഗസ്ഥൻ പറഞ്ഞു.
യു.പിയിലെ ഗാസിപൂരിൽ നിന്നുമാണ് മൃതദേഹങ്ങൾ ഒഴുക്കിവിടുന്നതെന്നാണ് ബിഹാറിന്‍റെ ആരോപണം. എന്നാല്‍ ഇത് യു.പി അംഗീകരിച്ചിട്ടില്ല. അതേസമയം, യു.പിയിലെ ബലിയയിലും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകുന്നത് വിശദീകരിക്കാൻ പട്‌നാ ഹൈക്കോടതി ബിഹാർ സർക്കാരിന് നിർദേശം നൽകി.
പുഴയിലേക്ക് ശവശരീരങ്ങൾ വലിച്ചെറിയുന്ന ആംബുലൻസ് ഡ്രൈവർമാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉത്തർപ്രദേശ്-ബീഹാർ അതിർത്തിയിലെ ഒരു പാലത്തിൽ വച്ച് ആംബുലൻസ് ഡ്രൈവർ ശവശരീരങ്ങൾ പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ആംബുലൻസ് ഡ്രൈവർമാർ ശവശരീരങ്ങൾ പുഴയിലേക്ക് വലിച്ചെറിയാതിരിക്കാൻ വേണ്ട നടപടികൾ എടുക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി ബിജെപി എംപി പറഞ്ഞു.
Leave a Reply