ന്യൂസ് ഡെസ്ക് മലയാളം യുകെ
ബിറ്റ് കോയിൻ സ്വന്തമാക്കി ശതകോടീശ്വരനായ ഒർലാൻഡോ ബ്രാവോ. ക്രിപ്‌റ്റോകറൻസിയുടെ ഉപയോഗം ഗണ്യമായി വർദ്ധിക്കുമെന്നും അതിനാലാണ് താൻ ബിറ്റ് കോയിൻ സ്വന്തമാക്കുന്നതെന്നും ബ്രാവോ അഭിപ്രായപ്പെട്ടു. പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ തോമാ ബ്രാവോയുടെ സഹസ്ഥാപകനാണ് ഒർലാൻഡോ ബ്രാവോ. സെപ്തംബർ 29 -ലെ അദ്ദേഹത്തിന്റെ ആസ്തി 6.3 ബില്യൺ ഡോളർ ആണ്. ക്രിപ്റ്റോ ഒരു മികച്ച സംവിധാനമാണെന്നും യുവാക്കൾക്ക് അവരുടേതായ സാമ്പത്തിക സംവിധാനം സൃഷ്ടിക്കാൻ ക്രിപ്റ്റോ സഹായകമാകുന്നുവെന്നും അദ്ദേഹം സിഎൻബിസിയുടെ ഡെലിവറിംഗ് ആൽഫ കോൺഫറൻസിൽ പറഞ്ഞു. നിങ്ങൾ എന്തുകൊണ്ടാണ് ക്രിപ്റ്റോയെ ഇഷ്ടപ്പെടാത്തതെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ബ്രാവോ സംസാരിച്ചു തുടങ്ങിയത്.
ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ക്രിപ്റ്റോ കറൻസിയ്ക്കില്ല. എന്നാൽ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയാണ് ഇവ പിന്തുണയ്ക്കുന്നത്. കൂടുതൽ ആളുകൾ ബിറ്റ് കോയിൻ കൈവശം വയ്ക്കാൻ തുടങ്ങുമെന്നതിനാൽ, കാലക്രമേണ മൂല്യം വർദ്ധിക്കുകയും കൂടുതൽ ഉപയോഗം ഉണ്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. താൻ വ്യക്തിപരമായി ബിറ്റ് കോയിനിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
“എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ലളിതമാണ്. ഇന്നത്തേതിനേക്കാൾ കൂടുതൽ ആളുകൾ ഭാവിയിൽ ക്രിപ്റ്റോയിലേക്ക് വരും. അത് കൂടുതൽ ലാഭം ലഭിക്കുന്നതിന് കാരണമാകും. ഗണ്യമായ വളർച്ച ഉണ്ടാവുന്ന മേഖലയാണിത്.” ബ്രാവോ കൂട്ടിച്ചേർത്തു. ജൂലൈയിൽ എഫ്ടിഎക്സ് ട്രേഡിംഗ് ലിമിറ്റഡിന്റെ ഒരു ഫണ്ടിംഗ് റൗണ്ടിൽ തോമസ് ബ്രാവോ പങ്കെടുത്തിരുന്നു.
Leave a Reply