ലണ്ടന്‍: ഒരു മണിക്കൂറോളം ഹൃദയമിടിപ്പ് നിലച്ചു പോയ സ്ത്രീക്ക് അവിശ്വസനീയമായ പുനര്‍ജന്മം. ബിന്‍ഗോ ജീവനക്കാരിയായ സോണിയ ബര്‍ട്ടന്‍ എന്ന സത്രീയാണ് പാരാമെഡിക്കല്‍ സംഘം മരിച്ചെന്നു വിധിയെഴുതി ഒരു മണിക്കൂരിനു ശേഷം കണ്ണുതുറന്നത്. നാല് മക്കളുടെ അമ്മയായ സോണിയയ്ക്ക് കടുത്ത ഹൃദയാഘാതമാണ് ഉണ്ടായത്. മരിച്ചുപോയ ഭര്‍ത്താവ് ജോണ്‍ തന്റെയടുത്ത് വന്ന് നിന്റെ സമയമായിട്ടില്ല, കുട്ടികളുടെ അടുത്തേക്ക് തിരിച്ച് പോകൂ എന്ന് പറഞ്ഞതായി സോണിയ അവകാശപ്പെടുന്നു. ഏതായാലും പാരാമെഡിക്കല്‍ സംഘം ആവര്‍ത്തിച്ച് പരിശോധിച്ച് മരിച്ചെന്ന് വിധിയെഴുതിയ സോണിയ ഇപ്പോള്‍ ഒരു അത്ഭുതമായി മാറിയിരിക്കുകയാണ്.
‘മരിച്ച’ ദിവസം സോണിയ രാവിലെ ഉണര്‍ന്ന് മുപ്പതുകാരിയായ മകള്‍ റബേക്കക്കൊപ്പം തന്റെ ദൈനം ദിന ജോലികള്‍ പൂര്‍ത്തിയാക്കി. പിന്നീട് ആഷിംഗ്ടണിലുളള ഗാലാ ബിന്‍ഗോ ഹാളിലെ ജോലി തുടങ്ങി. ദിവസവും അഞ്ചരവരെയാണ് പ്രവൃത്തി സമയം. എന്നാല്‍ അന്ന് അല്‍പ്പം നേരത്തെ, ഏകദേശം നാലേമുക്കലോടെ സോണിയ ജോലി കഴിഞ്ഞിറങ്ങി. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒരു കാപ്പികുടിക്കാനും അല്‍പ്പനേരം വര്‍ത്തമാനം പറയാനും വേണ്ടി ആയിരുന്നു അത്. ഡൈനിംഗ് ഏരിയയിലാണ് സോണിയ ജോലി ചെയ്യുന്നത്. അവിടെ നിന്ന് പുറത്തേക്ക് നടക്കുമ്പോള്‍ ചെറിയൊരു നെഞ്ചുവേദന അനുഭവപ്പെട്ടു. കുഴഞ്ഞ് വീഴുകയും ചെയ്തു.
സ്ഥാപന ഉടമ ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘത്തിന്റെ സഹായം തേടി. നാല് മിനിറ്റിനുളളില്‍ അവരെത്തി. ജാസണ്‍ റിച്ചസും ഗാരി ഫ്രെഞ്ചുമാണ് ആദ്യമെത്തിയത്. ഒമ്പത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇവരെ സഹായിക്കാനായി സ്റ്റീഫന്‍ എക് എന്ന പാരാമെഡിക്കും ഒന്നാംവര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായ റോസി പ്രീസ്റ്റുമെത്തി. പിന്നീട് 56 മിനിറ്റോളം ഇവരെ രക്ഷിക്കാനുളള ശ്രമം നടത്തി. അടുത്തുളള എമര്‍ജന്‍സി കെയര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുളള ശ്രമവും തുടങ്ങി.
ഈസമയത്താണ് സോണിയയ്ക്ക് ഭര്‍ത്താവിന്റെ സാമീപ്യം ലഭിച്ചതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 2004ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്. മുപ്പത്തേഴ് വയസായിരുന്നു അന്ന് ജോണിന്. ഇതിനിടെ സോണിയയുമായി പാരാമെഡിക്കല്‍ സംഘം ക്രാംലിംഗ്ടണ്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഈസമയവും സോണിയ അബോധാവസ്ഥയില്‍ ആയിരുന്നു. എങ്കിലും ശ്വാസോച്ഛ്വാസം ചെയ്യാന്‍ തുടങ്ങി. പിന്നീടിവരെ ന്യൂകാസിലിലെ ഫ്രീമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഇവര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി നടത്തി. എട്ട് ദിവസത്തിന് ശേഷം ഇവര്‍ വീട്ടില്‍ മടങ്ങിയെത്തി. സഹോദരന്‍ മാര്‍ക്കിന്റെയും മക്കളുടെയും പരിചരണത്തില്‍ കഴിയുന്നു.
സാങ്കേതികമായി ഒരു മണിക്കൂര്‍ മരിച്ച് എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് സോണിയ പറഞ്ഞു. കുറേ കാര്യങ്ങള്‍ ഓര്‍ക്കാനാകുന്നില്ലെങ്കിലും തനിക്ക് സുഖമാണെന്ന് സോണിയ വ്യക്തമാക്കി. ഏതായാലും സോണിയ ഇപ്പോള്‍ വലിയ ഒരു പ്രതിഭാസമായി മാറിയിരിക്കുകായണെന്ന് സഹോദരന്‍ പറഞ്ഞു. സഹായിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദിയും അറിയിക്കുന്നു.
ഇത്രയും നീണ്ട സമയത്തിനുശേഷം ഒരാള്‍ ജീവിതത്തിലേക്ക് തിരികെ വരുന്നത് ആദ്യമായാണെന്ന് പാരാമെഡിക്കല്‍ സംഘം പറഞ്ഞു.