സ്വാന്‍സി: കഴിഞ്ഞ വര്‍ഷം സ്വാന്‍സിയില്‍ നിര്യാതനായ ബിനോയ് തോമസിന്‍റെ ഒന്നാം ചരമ വാര്‍ഷികം സ്വാന്‍സിയില്‍ ആചരിച്ചു. ബിനോയ് തോമസിനെ ഓര്‍മ്മിച്ച് കൊണ്ടുള്ള പ്രത്യേകം കുര്‍ബാനയും പ്രാര്‍ത്ഥനകളും ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സ്വാന്‍സിയിലെ ജെന്‍ഡ്രോസ് ഹോളി ക്രോസ്സ് ചര്‍ച്ചില്‍ നടത്തി. ഫെബ്രുവരി 14 ഞായറാഴ്ച ആയിരുന്നു കരിങ്കുന്നം മുളയാനിക്കല്‍ ബിനോയ് തോമസിന് വേണ്ടി അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. വി. കുര്‍ബാനയ്ക്ക് ശേഷം ഒപ്പീസും, മന്ത്രയും സഹിതം സ്വാന്‍സി മലയാളികള്‍ തങ്ങള്‍ക്ക് പ്രിയങ്കരനായിരുന്ന ബിനോയിയെ സ്മരിച്ചു.
ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി മൂന്ന്‍ വര്‍ഷക്കാലം ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് ബിനോയ് തോമസ് ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് യാത്രയാവുകയായിരുന്നു.
സ്വാന്‍സിയിലെയും, ബിനോയ് തോമസ് മുന്‍പ് താമസിച്ചിരുന്ന ലിവര്‍പൂളിലെയും മലയാളികള്‍ അനുസ്മരണ ചടങ്ങുകള്‍ക്കെത്തിയിരുന്നു. പള്ളിയിലും തുടര്‍ന്ന്‍ ഹാളിലും നടന്ന ചടങ്ങുകള്‍ക്ക് വൈദികരായ റവ. ഫാ. സിറില്‍ തടത്തില്‍, റവ. ഫാ. സജി അപ്പൊഴിപറമ്പില്‍, റവ. ഫാ. പയസ് അഗസ്റ്റിന്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ബിനോയ് തോമസിന്‍റെ വേര്‍പാടിന്റെ സമയത്തും തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലവും തങ്ങള്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കിയ മുഴുവന്‍ ആളുകള്‍ക്കും കൃതജ്ഞത അര്‍പ്പിക്കുന്നതായി ബിനോയിയുടെ ഭാര്യ ശാലിനിയും മകന്‍ ഇമ്മാനുവേലും പറഞ്ഞു. കുര്‍ബാനയ്ക്ക് ശേഷം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കെല്ലാം ലഘുഭക്ഷണവും ചായയും ഏര്‍പ്പെടുത്തിയിരുന്നു. ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 27ന് ഇടവകയായ കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍സ് പള്ളിയില്‍ പ്രത്യേകം കുര്‍ബാനയും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുന്നതാണ്.