ന്യൂസ് ഡെസ്ക്, മലയാളം യുകെ
യോർക്ക് ഷെയറിലെ ഒരു ഫാമിൽ ആടുകളിൽ പക്ഷിപ്പനി കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ ആശങ്കകൾ ഉയർത്തി. ഇംഗ്ലണ്ടിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സംഭവം റിപ്പോർട്ട് ചെയ്യുന്നത്. യോർക്ക് ഷെയറിലെ ഒരു ഫാമിലെ കന്നുകാലികളുടെ പതിവ് പരിശോധനയ്ക്കിടെയാണ് ഈ ഒറ്റപ്പെട്ട കേസ് കണ്ടെത്തിയത്. അവിടെ ഏവിയൻ ഇൻഫ്ലുവൻസ എന്ന് അറിയപ്പെടുന്ന H5N1 വൈറസ് മുമ്പ് വളർത്തുന്ന പക്ഷികളിൽ സ്ഥിരീകരിച്ചിരുന്നു.
ശേഷിക്കുന്ന ആട്ടിൻകൂട്ടത്തിൽ വൈറസിന്റെ കൂടുതൽ അണുബാധ കണ്ടെത്തിയിട്ടില്ലെന്ന് പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമകാര്യ വകുപ്പ് (DEFRA) പറഞ്ഞു. ഇംഗ്ലണ്ടിൽ ഇത്തരത്തിലുള്ള കേസുകൾ കണ്ടെത്തുന്നത് ആദ്യമായിട്ടാണെങ്കിലും മറ്റ് രാജ്യങ്ങളിൽ സമാന സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ പക്ഷി പനിയുടെ വൈറസ് മൂലം രാജ്യത്തെ കന്നുകാലികളിൽ രോഗം ബാധിക്കാനുള്ള അപകട സാധ്യത ഇല്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
യുഎസിൽ കറവപ്പശുക്കളിൽ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് രോഗബാധിതമായ സ്ഥലങ്ങളിൽ കന്നുകാലികൾക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡെഫ്ര അറിയിച്ചു .വൈറസ് പടർന്ന് പിടിക്കാതിരിക്കാനായി രോഗബാധിതരായ ആടുകളെ കൊന്നൊടുക്കിയതായി ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ അടുത്തിടെയുണ്ടായതിനെ തുടർന്ന് കന്നുകാലി കർഷകരോട് ജാഗ്രത പാലിക്കാൻ ആവിശ്യപ്പെട്ടിട്ടുണ്ട് . രോഗം കൂടുതൽ പടരാതിരിക്കാൻ കർശനമായ ജൈവസുരക്ഷാ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.
കന്നുകാലികൾക്കുള്ള അപകടസാധ്യത കുറവാണെങ്കിലും എല്ലാ ഫാം ഉടമകളും സൂക്ഷ്മമായ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അണുബാധയുടെ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ അനിമൽ പ്ലാന്റ് ഹെൽത്ത് ഏജൻസിയെ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസിയിലെ ഡോ. മീര ചന്ദ് പറഞ്ഞു.
Leave a Reply