ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാമിലെ ബിൻ തൊഴിലാളികൾക്കായി പുതിയ കരാറുമായി സിറ്റി കൗൺസിൽ. കഴിഞ്ഞ മാസം മുതൽ പണിമുടക്കുന്ന ബർമിംഗ്ഹാമിലെ ബിൻ തൊഴിലാളികൾ, തർക്കം അവസാനിപ്പിക്കുന്നതിൻെറ ഭാഗമായാണ് പുതിയ കരാറിനായുള്ള വോട്ടെടുപ്പ് ആരംഭിക്കുക. തൊഴിലാളികളോട് അന്യായമായി പെരുമാറിയതിന് തൊഴിലാളി യൂണിയനായ യുണൈറ്റ് സർക്കാരിനെയും കൗൺസിലിനെയും വിമർശിച്ച് രംഗത്ത് വന്നിരുന്നു. കുറഞ്ഞ വേതനമുള്ളവർക്ക് നേരെയുള്ള സർക്കാരിൻെറ ഇത്തരത്തിലുള്ള ആക്രമണങ്ങൾ തീർത്തും അപമാനകരമാണെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ കരാർ അംഗീകരിക്കാൻ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ തൊഴിലാളികളെ പ്രോത്സാഹിപ്പിച്ചു.
ജനുവരി മുതൽ തുടങ്ങിയ ബിൻ തൊഴിലാളികളുടെ പണിമുടക്ക്, മാർച്ച് മാസം മുതൽ പൂർണ്ണ രീതിയിൽ ആയിരുന്നു. ഇതിന് പിന്നാലെ സിറ്റിയിൽ കുമിഞ്ഞ് കൂടിയത് 17,000 ടൺ മാലിന്യമാണ്. ഭാവിയിലെ തുല്യ ശമ്പള പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിൻെറ ഭാഗമായി വേസ്റ്റ് റീസൈക്ലിങ് ആൻഡ് കളക്ഷൻ ഓഫീസർ (WRCO) എന്ന തസ്‌തിക നീക്കം ചെയ്യാനുള്ള കൗൺസിലിന്റെ തീരുമാനത്തിന് പിന്നാലെയായിരുന്നു തർക്കം. WRCO എന്ന തസ്തിക ഒഴിവാക്കുന്നത് വലിയ ശമ്പള വെട്ടിക്കുറവിന് കാരണമാകുമെന്നും തൊഴിലാളികളുടെ ശമ്പളത്തിനും വ്യവസ്ഥകൾക്കും നേരെയുള്ള വലിയ ആക്രമണത്തിന്റെ ഭാഗമാണെന്നും യൂണിയൻ ആരോപിച്ചു.
തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൗൺസിൽ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ, പണിമുടക്ക് താൽക്കാലികമായി നിർത്തിവച്ച് പുതിയ കരാർ അംഗീകരിക്കണമെന്ന് യൂണിയനോട് ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ അപകടങ്ങൾ ഒഴിവാക്കാൻ കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം വേഗത്തിൽ പരിഹരിക്കണമെന്ന് ഉപപ്രധാനമന്ത്രി ആഞ്ചല റെയ്‌നർ പറഞ്ഞു. നേരത്തെ മാലിന്യ തൊഴിലാളികളുടെ പണിമുടക്കിന് പിന്നാലെ ഉയർന്ന് വന്ന പ്രശ്‌നങ്ങളെക്കുറിച്ച് മലയാളം യുകെ റിപ്പോർട്ട് ചെയ്‌തിരുന്നു. പുതിയ കരാർ അംഗീകരിക്കണോ വേണ്ടയോ എന്ന് തൊഴിലാളികൾ തീരുമാനിക്കുമെന്നും തിങ്കളാഴ്ച വോട്ടെടുപ്പ് നടത്തുമെന്നും യുണൈറ്റിന്റെ ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം പറഞ്ഞു. പുതിയ കരാർ പ്രകാരം ഡ്രൈവർമാരുടെ ശമ്പളം £8,000 കുറയും.
Leave a Reply