ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബെർമിങ്ഹാം ചിൽഡ്രൻസ് ആശുപത്രിയിൽ മരണമടഞ്ഞ കുഞ്ഞിന് വിഷം നൽകിയതായി സംശയിച്ചു ആശുപത്രി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുപത്തേഴുകാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. മരണമടഞ്ഞ കുട്ടി പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഇനിയും ഫോറൻസിക് റിപ്പോർട്ടുകളും മറ്റും ലഭിക്കാൻ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരണമടഞ്ഞ കുട്ടിയുടെ കുടുംബത്തോടൊപ്പം എല്ലാ സഹായവും ഉണ്ടാകുമെന്ന് ബർമിങ്ഹാം വുമൺസ്‌ & ചിൽഡ്രൻസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് വ്യക്തമാക്കി. കുട്ടികൾക്കുവേണ്ടിയുള്ള പ്രസിദ്ധമായ ആശുപത്രിയാണ് ബർമിങ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വ്യാഴാഴ്ചയാണ് ചികിത്സയിലായിരുന്ന കുട്ടി മരണമടഞ്ഞത്. അന്ന് വൈകുന്നേരം തന്നെയാണ് കുട്ടിക്ക് വിഷം നല്കിയതായി സംശയിച്ച് ആശുപത്രി ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിന് എല്ലാവിധ സഹായങ്ങൾ ഉണ്ടാകുമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സ്റ്റാഫിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു വീഴ്ചയുണ്ടായതായി ആശുപത്രി അധികൃതരും വെളിപ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തതായി സംശയിക്കപ്പെടുന്ന ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായും ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.