ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- അടുത്ത രണ്ടു വർഷത്തിനുള്ളിൽ 21 ശതമാനം കൗൺസിൽ നികുതി വർദ്ധിപ്പിക്കുന്നതിന് മുന്നോടിയായി, ബർമിംങ്‌ഹാം സിറ്റി കൗൺസിൽ 300 മില്യൻ പൗണ്ട് സേവനങ്ങൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം അംഗീകരിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ലോക്കൽ അതോറിറ്റിയായ ബിർമിങ്ഹാം കൗൺസിൽ സാമ്പത്തിക ബാധ്യതകളെ തുടർന്ന് സ്വയം പാപ്പരത്വം പ്രഖ്യാപിച്ചിരുന്നു. ലേബർ പാർട്ടിയുടെ നേതൃത്വത്തിലുള്ള കൗൺസിലിന്റെ സാമ്പത്തിക നടപടികൾ തികച്ചും വിനാശകരമാണെന്ന കുറ്റപ്പെടുത്തലുകൾ ഉയർന്നിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന കൗൺസിലിന്റെ ഒരു ഒരു മീറ്റിംഗിൽ കൗൺസിലിലെ ജനങ്ങളോട് ലീഡർ ജോൺ കോട്ടൺ പുതിയ പരിഷ്കാരങ്ങൾക്ക് മാപ്പ് പറഞ്ഞു. തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുവാൻ തങ്ങൾക്ക് സാധിക്കുന്നില്ല എന്ന് കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ കൗൺസിൽ വ്യക്തമാക്കിയിരുന്നു. 87 മില്യൺ പൗണ്ടിന്റെ അടിയന്തര ബഡ്ജറ്റ് ക്ഷാമം നേരിട്ടതിനാൽ, സെക്ഷൻ 114 നോട്ടീസ് പുറപ്പെടുവിക്കാനും അവർ നിർബന്ധിതരായിരുന്നു. ഇതിനെ തുടർന്നാണ് അവർ സ്വയം പാപ്പരത്വം പ്രഖ്യാപിച്ചത്. 80 മില്യൻ പൗണ്ടോളം തുക അധികമായി ഒരു ഐടി സംവിധാനത്തിന് ചിലവഴിച്ചതും, അതോടൊപ്പം തന്നെ 760 മില്യൻ പൗണ്ടിന്റെ തുല്യ ശമ്പള ക്ലെയിമുകൾ നേരിട്ടതുമാണ് ഇപ്പോഴുള്ള കൗൺസിലിന്റെ ഈ സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം.


കൗൺസിലിന്റെ എല്ലാ സേവനങ്ങളിലും വെട്ടിക്കുറയ്ക്കലുകൾ ഉണ്ട്. മാലിന്യ ശേഖരണം കുറയ്ക്കുന്നത് മുതൽ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കുന്നതിൽ വരെ കുറവുകൾ ഉണ്ടാകുമെന്നാണ് നിഗമനം. വെട്ടിക്കുറയ്ക്കലിനുള്ള ബില്ലിൽ 53 കൗൺസിലർമാർ അനുകൂലിച്ചും മൂന്ന് പേർ എതിർത്തും വോട്ട് ചെയ്തു. ജെറെമി ഹണ്ടിന്റെ ബഡ്ജറ്റ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് കൗൺസിലിന്റെ ഈ തീരുമാനവും ഉണ്ടായിരിക്കുന്നത്. വൈവിധ്യമാർന്ന പദ്ധതികൾക്കും കൺസൾട്ടൻ്റുകൾക്കുമുള്ള ചെലവ് കുറയ്ക്കാൻ ചാൻസിലർ കൗൺസിലുകളോട് ഈ ബഡ്ജറ്റിൽ ആവശ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളം കൗൺസിലുകൾ തങ്ങളുടെ വരവ്- ചിലവുകൾ ക്രമീകരിക്കാനുള്ള തത്രപ്പാടിലാണ്. നോട്ടിങ്ഹാം കൗൺസിലും തങ്ങളുടെ സേവനങ്ങളിൽ കാര്യമായ വെട്ടിക്കുറയ്ക്കലുകൾ നടത്തിയിട്ടുണ്ട്.


എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടെന്നാണ് ബിർമിങ്ഹാം കൗൺസിൽ നേതാവ് ജോൺ കോട്ടൺ ആരോപിക്കുന്നത്. എന്നാൽ പ്രാദേശിക കൺസർവേറ്റീവ് പാർട്ടി പ്രതിപക്ഷ നേതാവ് റോബർട്ട് ആൽഡൻ, നഗര നേതാക്കൾ ഒരു ഫാൻ്റസി ഭൂമിയിലാണ് താമസിക്കുന്നതെന്ന് ആരോപിച്ചു. ബജറ്റ് സമ്മേളനം നടക്കുമ്പോൾ കൗൺസിൽ ഹൗസിന് പുറത്ത് 200 ഓളം പ്രതിഷേധക്കാർ ഈ തീരുമാനങ്ങൾക്കെതിരെ പ്രകടനം നടത്തി. അടുത്തമാസം ഏപ്രിൽ മുതൽ 10 ശതമാനം ടാക്സ് വർദ്ധനവ് ഉണ്ടാകും. 2025 ഏപ്രിലിലോടെ ഇത് 21 ശതമാനമായി ഉയരും എന്നതും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.