മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ജലന്ധർ രൂപതയുടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായി. ഇന്ത്യൻ കത്തോലിക്ക സഭയിൽ ആദ്യമായാണ് ഒരു ബിഷപ്പിനെ ക്രിമിനൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുന്നത്. കുറവിലങ്ങാടുള്ള കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2014 മുതൽ ബിഷപ്പ് 13 തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
കത്തോലിക്കാ സഭയ്ക്ക് മുഴുവൻ നാണക്കേടുണ്ടാക്കുന്ന ഈ സംഭവം അന്താരാഷ്ട്ര ശ്രദ്ധ കൈവരിച്ചിരുന്നു. രാഷ്ട്രീയ സ്വാധീനവും പണക്കൊഴുപ്പും ഉപയോഗിച്ച് നിയമ വ്യവസ്ഥയെ കൈയിലെടുക്കാൻ ബിഷപ്പ് ശ്രമിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടും നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അഞ്ച് കന്യാസ്ത്രീകൾ എറണാകുളത്ത് പ്രതിഷേധമാരംഭിച്ചതോടെയാണ് പോലീസ് അന്വേഷണ നടപടികൾ ഊർജിതമാക്കിയത്.
ബുധനാഴ്ചയും വ്യാഴാഴ്ചയും ബിഷപ്പ് ഫ്രാങ്കോ തൃപ്പൂണിത്തുറയിൽ അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജരായിരുന്നു. ഹൈടെക് സംവിധാനങ്ങളോടെയാണ് പോലീസ് ചോദ്യം ചെയ്യൽ നടത്തിയത്. കോട്ടയം എസ് പി പി. ഹരിശങ്കറും വൈക്കം ഡിവൈഎസ്പി കെ സുഭാഷുമടങ്ങിയ സംഘമാണ് എഴുതി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം ചോദ്യം ചെയ്യൽ നടത്തിയത്. ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ തുടർന്നു. ബിഷപ്പിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ വിലയിരുത്തിയ സംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയിൽ നിന്ന് നിരവധി തവണ പോലീസ് മൊഴി എടുത്തിരുന്നു. ഇന്ന് വീണ്ടും മൊഴിയെടുത്തു. ബിഷപ്പ് ഫ്രാങ്കോയെ ജലന്ധറിൽ എത്തി നേരത്തെ ഒരു തവണ പോലീസ് ചോദ്യം ചെയ്തിരുന്നു.
മുൻകൂർ ജാമ്യം തേടിയുള്ള ബിഷപ്പ് ഫ്രാങ്കോയുടെ ഹർജി കോടതി ഈ മാസം 25 തിയതി തീരുമാനമെടുക്കാനായി മാറ്റി വച്ചിരിക്കുകയാണ്. കോടതിയിൽ ഹർജി നല്കിയിരിക്കുന്നത് അറസ്റ്റിന് തടസമാവില്ലെന്നും പീഡനത്തിന് തെളിവുകൾ ലഭിച്ചാൽ അറസ്റ്റുണ്ടാവുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഫ്രാങ്കോയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നില്ല.
Leave a Reply