ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് ബിഷപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അറസ്റ്റ് നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ് എന്നതുള്‍പ്പെടെയുള്ള വാദങ്ങള്‍ ഉന്നയിച്ചാണ് ബിഷപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ശാസ്ത്രീയ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. തന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ജയിലിൽ കഴിയേണ്ടി വരുന്നത് ജീവൻ അപകടത്തിലാക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ഹൈക്കോടതിയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ബിഷപ്പിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടില്ലല്ലോ എന്ന് കോടതി ചോദിച്ചു.

ബിഷപ്പിന്റെ അറസ്റ്റോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായെന്നും കോടതി നിരീക്ഷിച്ചു. മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ, നാളെത്തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന ബിഷപ്പിന്റെ വാദം കോടതി അനുവദിച്ചില്ല. ബിഷപ് അറസ്റ്റിലാവും മുന്‍പ് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കി. പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടേയെന്ന് നിരീക്ഷിച്ച കോടതി  മറ്റെന്തെങ്കിലും താല്‍പര്യങ്ങള്‍ ഹര്‍ജികള്‍ക്ക് പിന്നിലുണ്ടോ എന്ന് ആരാഞ്ഞു. കോടതിനിലപാട് എതിരായതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹര്‍ജിക്കാര്‍ പിന്‍വലിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം അനുമതിയില്ലാതെ പോലീസ് തന്റെ വസ്ത്രങ്ങൾ എടുത്തുകൊണ്ടു പോയതായി ബിഷപ്പ് കോടതിയിൽ പറഞ്ഞു. പാലാ സബ് ജയിലിൽ ആണ് ബിഷപ്പിനെ പാർപ്പിച്ചിരിക്കുന്നത്.

പോലീസ് കസ്റ്റഡിയിൽ ആയിരുന്ന ബിഷപ്പിനെ ഉച്ചക്ക് ഒരു മണിയോടെ ആണ് പാലാ ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കോട്ടയം പോലീസ് ക്ലബ്ബിൽ വൈദ്യ പരിശോധന നടത്തിയ ശേഷമാണു ബിഷപ്പിനെ പാലാ കോടതിയിൽ എത്തിച്ചത്. പരാതികൾ എന്തെങ്കിലും ഉണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് പരാതികളില്ല എന്നാൽ ചില കാര്യങ്ങൾ ബോധിപ്പിക്കാൻ ഉണ്ടെന്നായിരുന്നു ബിഷപ്പിന്റെ മറുപടി. അനുമതി ഇല്ലാതെ എടുത്ത വസ്ത്രങ്ങൾ ഉപയോഗിച്ച് പോലീസ് തനിക്കെതിരെ തെളിവുകൾ സൃഷ്ടിക്കുമോ എന്ന് ആശങ്ക ഉണ്ടെന്ന് ബിഷപ്പ് കോടതിയിൽ പറഞ്ഞു.

ബിഷപ്പിന്റെ അഭിഭാഷകൻ എന്നാൽ വസ്ത്രങ്ങൾ എടുത്തത് നിയമാനുസൃതം ആണെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കൃത്യമായ വൈദ്യസഹായം ലഭ്യമാക്കണം എന്നും ബിഷപ്പ് കോടതിയിൽ അഭ്യർത്ഥിച്ചു. ഈ രണ്ടു കാര്യങ്ങളും കോടതി രേഖപ്പെടുത്തി. തുടർന്നു ബിഷപ്പിനെ അടുത്ത മാസം ആറു വരെ റിമാൻഡ് ചെയ്തു