കോട്ടയം: സിംഹാസനത്തിൽ നിന്ന് സിമന്റ് തറയിലേക്കുള്ള ബിഷപ്പിന്റെ പതനമാണ് ഇന്നലെ പാല സബ് ജയിലിൽ കണ്ടത്. കട്ടിലും പട്ടുമെത്തയുമൊന്നുമില്ലെങ്കിലും ജയിലിലെ കമ്പിളി വിരിപ്പിൽ കിടന്ന ഫ്രാങ്കോയുടെ കണ്ണുകളെ ഉറക്കം പെട്ടെന്ന് പിടികൂടി. ഇടയ്ക്ക് മൂളിപ്പറന്നു വന്ന കൊതുക് മാത്രമായിരുന്നു ശല്യം. സാധാരണ വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേല്ക്കുന്ന ഫ്രാങ്കോ ഇന്ന് ആറുമണി കഴിഞ്ഞാണ് എഴുന്നേറ്റത്. വിശുദ്ധ കുർബാന അർപ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും അതൊന്നും ഫ്രാങ്കോയെ ദു:ഖിതനാക്കിയില്ല. ബൈബിളും കുരിശുമാലയും കൊണ്ടുപോവണമെന്ന മോഹവും ജയിലിൽ നടന്നില്ല.
ഇന്നലെ ഉച്ചകഴി ഞ്ഞ് 2.25ന് പാലാ സബ് ജയിലിൽ പ്രവേശിച്ച ഉടൻ റിമാൻഡ് പ്രതിയുടെ ക്രമനമ്പർ 5968 നല്കി. തുടർന്ന് ജയിൽ വസ്ത്രങ്ങളും വിതരണം ചെയ്തു. പക്ഷേ, ധരിച്ചിരുന്ന പാന്റും ജുബ്ബയും ധരിക്കാൻ ജയിൽ അധികൃതർ അനുവദിക്കുകയായിരുന്നു. എന്നാൽ ബെൽറ്റ് ഊരിവാങ്ങി. റിമാൻഡ് പ്രതിയായതിനാലാണ് ധരിച്ചിരുന്ന വസ്ത്രങ്ങൾ തുടർന്നും ഉപയോഗിക്കാൻ ജയിലിൽ അനുമതിയുണ്ട്.
മൂന്നാം നമ്പർ സെല്ലിലാണ് ബിഷപ്പ് ഫ്രാങ്കോയെ പാർപ്പിച്ചിട്ടുള്ളത്. മറ്റു രണ്ടു പേർ കൂടി കൂട്ടിനുണ്ട്. ഒരാൾ അതിർത്തിക്കേസ് തർക്കത്തിൽ അറസ്റ്റിലായതാണ്. മറ്റെയാൾ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനും. ശല്യക്കാരല്ലാത്തവരുടെ കൂടെയാണ് ബിഷപ്പ് ഫ്രാങ്കോയെ അടച്ചിട്ടുള്ളത്. ബിഷപ്പ് സെല്ലിനു മുമ്പിൽ എത്തിയപ്പോൾ സെല്ലിലുണ്ടായിരുന്ന രണ്ടു പേരും എഴുന്നേറ്റ് ഭവ്യതയോടെ നിന്നു. അവരെ നോക്കിയശേഷം എന്തോ പറയാൻ ഭാവിച്ചെങ്കിലും ഉരിയാടിയില്ല.
ജയിൽ ഉദ്യോഗസ്ഥർ പോയി ക്കഴിഞ്ഞ് അല്പനേരം സംസാരിച്ചു. എന്നാൽ മദ്യപിച്ച ഇയാളെ ഉപദേശിക്കാനൊന്നും ബിഷപ്പ് ഫ്രാങ്കോ മിനിക്കെട്ടില്ല. അതിർത്തി തർക്കത്തിൽ അയൽവാസിയോട് ക്ഷമിക്കാമായിരുന്നുവെന്നും മറ്റേ കൂട്ടുപ്രതിയെ ഉപദേശിച്ചില്ല. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു പ്രഭാത ഭക്ഷണം. ഉപ്പുമാവും പഴവും ചായയുമായിരുന്നു. ജയിൽ അധികൃതർ ഇന്നലെ തന്നെ പ്ളേറ്റും ഗ്ലാസും നല്കിയിരുന്നു.
അതുമായി ക്യുവിൽ നില്ക്കുവാനൊന്നും ഫ്രാങ്കോ മിനക്കെട്ടില്ല. ജയിലറുടെ നിർദേശപ്രകാരം സഹതടവുകാരിൽ ഒരാൾ വാങ്ങിക്കൊണ്ട് കൊടുക്കുകയായിരുന്നു. ജയിലിലാവുന്ന ആദ്യ ഇന്ത്യൻ ബിഷപ്പായിരുന്നതിനാലും ജയിലിൽ കഴിയുന്ന മറ്റ് തടവുകാരുടെ ആക്രമണം ഉണ്ടാവാൻ സാദ്ധ്യതയുള്ളതിനാലും വളരെ സൂക്ഷിച്ചാണ് കാര്യങ്ങൾ നീക്കുന്നത്.
രണ്ടു ഉദ്യോഗസ്ഥരെ ബിഷപ്പിന്റെ സുരക്ഷയ്ക്കായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ചോറും പുഴുക്കും രസവും കഴിച്ചു. ഉച്ചക്ക് ഏറെ താമസിച്ചാണ് ജയിലിലെത്തിയതെങ്കിലും നല്ല വിശപ്പ് ഉണ്ടായിരുന്നതിനാൽ ചോറും മീൻകറിയും അവിയലും കൂട്ടി ശരിക്ക് ഭക്ഷണം കഴിച്ചു. വൈകുന്നേരം ചായയും കഴിച്ചു.
Leave a Reply