ലണ്ടന്‍: ക്രിപ്‌റ്റോകറന്‍സി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ മുസ്ലിം പള്ളിയായി മാറുകയാണ് ഹാക്കിനിയിലെ ദി ഷാക്കിള്‍വെല്‍ ലെയിന്‍ മോസ്‌ക്. ഇസ്ലാമില്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ അനുവദിനീയമാണെന്ന പഠനം പുറത്ത് വന്നതിന് പിന്നാലെയാണ് ഷാക്കിള്‍വെല്‍ ലെയിന്‍ മോസ്‌ക് സംഭാവനകളായി ക്രിപ്‌റ്റോകറന്‍സി സ്വീകരിക്കുമെന്ന നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്. റമദാന്‍ മാസത്തില്‍ വിശ്വാസികളില്‍ നിന്ന് പരമാവധി സഖാത്ത് സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പള്ളി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നേരത്തെ ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ ഇസ്ലാമിക വിരുദ്ധമാണെന്നായിരുന്നു പണ്ഡിതരുടെ പ്രഖ്യാപനങ്ങള്‍. ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ നിരവധി ഫത്വകളും ഇറങ്ങിയിട്ടുണ്ട്.

എന്നാല്‍ അടുത്തിടെ ഒരു ഇസ്ലാമിക പണ്ഡിതന്‍ ക്രിപ്‌റ്റോകറന്‍സി ഹലാലാണെന്ന് വ്യക്തമാക്കിയിരുന്നു. ശരീയ്യ നിയമപ്രകാരം ക്രിപ്‌റ്റോ ഇടപാടുകള്‍ അധാര്‍മികമല്ലെന്നാണ് സിറിയയിലെ ഇസ്ലാമിക പണ്ഡിതന്‍ കണ്ടെത്തിയത്. ഇത്തരം ഡിജിറ്റല്‍ ഇടപാടുകള്‍ ചൂതുകളിക്ക് തുല്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പള്ളിയില്‍ ക്രിപ്‌റ്റോകറന്‍സി സംഭാവനയായി സ്വീകരിക്കാന്‍ തീരുമാനിക്കുന്നത്. റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ തങ്ങളുടെ സമ്പത്തിന്റെ 2.5 ശതമാനം ദാനം ചെയ്യണമെന്നാണ് ഇസ്ലാമിക നിയമത്തില്‍ പറയുന്നത്. റമദാന്‍ മാസത്തിലെ സംഭാവനകള്‍ സ്വീകരിക്കാനുള്ള എല്ലാ മാര്‍ഗങ്ങഴും ഉപയോഗിക്കാനായിരിക്കും പള്ളികള്‍ ശ്രമിക്കുക. ബിറ്റ്‌കോയിന്‍, എഥീരിയം ഇനത്തില്‍ 10,000 പൗണ്ടെങ്കിലും സംഭാവനയായി സമാഹരിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ഷാക്കിള്‍വെല്‍ ലെയിന്‍ മോസ്‌ക് വ്യക്തമാക്കി.

കഴിഞ്ഞ മാസം ഇന്ത്യോനേഷ്യന്‍ കമ്പനിയായ മുഹമ്മദ് അബൂബക്കര്‍ ഓഫ് ബ്ലോസം ഫിനാന്‍സ് ബിറ്റ്‌കോയിന്‍ ശരീയ്യ നിയമപ്രകാരം അനുവദനീയമാണോയെന്ന് അന്വേഷണം നടത്തിയിരുന്നു. ഇക്കാര്യത്തെില്‍ നിരവധി മതപണ്ഡിതന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും അഭിപ്രായം ആരായുകയും ചെയ്തു. എന്നാല്‍ മിക്കവരും വ്യക്തമായ വിവരങ്ങള്‍ കൈമാറിയില്ലെന്ന് കമ്പനി സിഇഒ വ്യക്തമാക്കുന്നു. ലോകത്തുള്ള വിശ്വാസികളുടെ മതപരമായ ഇത്തരം സംശയങ്ങള്‍ കൃത്യമായ ഗവേഷണത്തിലൂടെ പരിഹരിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും സിഇഒ മാത്യു മാര്‍ട്ടിന്‍ പറയുന്നു. കമ്പനി നടത്തിയ പഠനത്തില്‍ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ഇസ്ലാമിക നിയമങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.
	
		

      
      



              
              
              




            
Leave a Reply