ന്യൂസ് ഡെസ്ക്
ബിറ്റ് കോയിൻ വിലയിടിവ് താത്കാലിക പ്രതിഭാസം മാത്രമെന്ന് സാമ്പത്തിക വിദഗ്ദർ. അമിതാവേശത്തിൽ ട്രേഡിംഗുകൾ നടന്നതും വൻതോതിലുള്ള ഊഹാപോഹങ്ങളും മൂലം മിക്ക ഗവൺമെൻറുകളും ബാങ്കുകളും അടിയന്തിരമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ ഗുണകരമാകുമെന്ന് കരുതുന്നു. അമിതലാഭ പ്രതീക്ഷയിൽ ജനങ്ങൾ കൂട്ടമായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപ സാധ്യത കല്പിച്ചതാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾക്കും വിലയിടിവിനും കാരണം. ലക്ഷ്യബോധവും നിയന്ത്രണവുമില്ലാതെ ബിറ്റ് കോയിൻ മാർക്കറ്റിലേക്ക് പണം ഒഴുകിയപ്പോൾ അതിന് തടയിടുക എന്ന സാമാന്യ തത്വം നടപ്പാക്കുകയാണ് സാമ്പത്തിക സ്ഥാപനങ്ങൾ ചെയ്തത്. യുകെയിൽ നാറ്റ് വെസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങുന്നത് തടഞ്ഞിരുന്നു. ഇതിനെ ഒരു കറൻസി എന്നതിനപ്പുറം ലോട്ടറിയായി ജനങ്ങൾ കാണുന്നു എന്ന് മനസിലാക്കിയ അധികൃതർ, ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നും അതുമൂലം മാർക്കറ്റിൻറെ ചലനങ്ങൾ അറിഞ്ഞ് നിക്ഷേപം നടത്താൻ കഴിയുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ കറൻസി മാനിയ മൂലം ബിറ്റ് കോയിൻ വില 20,000 ഡോളറിൽ എത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ആഴ്ച വിലയിടിഞ്ഞ് 6,000 ഡോളറിലേയ്ക്ക് താഴ്ന്നിരുന്നു. മിക്ക രാജ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട നയരൂപീകരണം നടത്തി വരുന്നതേയുള്ളൂ. സമയദൈർഘ്യമുള്ള ഈ പ്രക്രിയയ്ക്കു മുന്നോടിയായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ക്രിപ്റ്റോ കറൻസി മാർക്കറ്റിന് ആവശ്യമായ റെഗുലേഷൻ ഏർപ്പെടുത്താൻ വേണ്ട സമയം ലഭിക്കുന്നതിനു വേണ്ടിയാണ്. ഈ വർഷത്തിൻറെ തുടക്കത്തിൽ ബ്ലോക്ക് ചെയിൻ ക്യാപ്പിറ്റൽ പാർട്ണർ സ്പെൻസർ ബോഗാർട്ട് നടത്തിയ പ്രവചനമനുസരിച്ച് ബിറ്റ് കോയിനിൻറെ വില 2018 ൽ 50,000 ഡോളറിൽ എത്താമെന്നാണ്. ക്രിപ്റ്റോ കറൻസി കൂടുതൽ മുഖ്യധാരയിലേക്ക് 2018ൽ എത്തുമെന്ന് അംസിസ് ഗ്രൂപ്പിൻറെ ഫൈനാൻഷ്യൽ അനലിസ്റ്റ് ഇമ്രാൻ വാസിം പറഞ്ഞു. വിലയിടിവ് നല്ല കാര്യമായി കരുതുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതൽ നിക്ഷേപങ്ങൾ ക്രിപ്റ്റോ കറൻസി മാർക്കറ്റിൽ വന്നു കൊണ്ടിരിക്കുകയാണെന്നും ബിറ്റ് കോയിൻ വില 2018ൽ 30,000-35,000 ഡോളറിൽ എത്തുമെന്നും വാസിം കരുതുന്നു.
ബിറ്റ് കോയിൻ വില വീണ്ടും ഇടിഞ്ഞേക്കാമെന്ന് കരുതുന്നവരും ഇല്ലാതില്ല. വില 5,000 ഡോളറായി താഴുമെന്നാണ് ജി വി എ റിസേർച്ചിൻറെ ചീഫ് എക്സിക്യൂട്ടീവായ ഡേവിഡ് ഗാരിറ്റി കരുതുന്നത്. എന്നാൽ ബിറ്റ് കോയിൻ വില 100,000 ഡോളർ ആയാലും അത്ഭുതപ്പെടേണ്ടെന്നാണ് സാമ്പത്തിക വിദഗ്ദനായ ഷോപ്പിൻ സിഇഒ ഇറാൻ ഇയാൽ പറഞ്ഞത്. ആദ്യ ബിറ്റ് കോയിൻ എക്സ്ചേഞ്ചായ ചൈനയിലെ ബിറ്റിസിസിയുടെ സിഇഒ ബോബി ലീയ്ക്ക് ബിറ്റ് കോയിൻ വില അടുത്ത 20 വർഷത്തിൽ ഒരു മില്യൺ ഡോളറാകുമെന്നതിൽ സംശയമേയില്ല. ക്രിപ്റ്റോ കറൻസി എന്ന ഡിജിറ്റൽ മണിയെക്കുറിച്ച് പഠിക്കുന്ന തിരക്കിലാണ് ഇന്ന് ലോകം. വിവേകത്തോടെ സമീപിച്ചാൽ സാമ്പത്തിക മെച്ചം നേടിയെടുക്കാൻ പറ്റുന്ന സ്രോതസ്സായി ബിറ്റ് കോയിൻ മാർക്കറ്റ് മാറുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
Leave a Reply