ഹൈദരാബാദ്:  അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ച് വീണ്ടും ബിജെപി. താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി ദിവാസ്വപ്‌നം കാണുകയാണെന്നും 2024 വരെ പ്രധാനമന്ത്രി പദത്തില്‍ ഒഴിവുവരില്ലെന്നും ബിജെപി പരിഹസിച്ചു.

ബിജെപി നേതാവ് ഷാനവാസ് ഹുസൈനാണ് രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വന്നത്. 2024 വരെ പ്രധാനമന്ത്രി പദത്തില്‍ ഒഴിവ് വരില്ലെന്നും 2019 ല്‍ മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളാണ് അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തത്. 2019 ലെ തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹം തന്നെ വീണ്ടും പ്രധാനമന്ത്രിയാകും. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനായതിന് ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് 13 സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെട്ടു. പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നുകൂടി അധികാരത്തില്‍ നിന്ന് പുറത്തായി. കര്‍ണാടകയാണ് അടുത്തതെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

കര്‍ണാടകയില്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ചോദ്യങ്ങള്‍ ഉയരാതിരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നതെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തി. കര്‍ണാടകയിലും ബിജെപി അധികാരത്തിലെത്തുമെന്നും ഷാനവാസ് ഹുസൈന്‍ അവകാശപ്പെട്ടു.