നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാർ ഉണ്ടാക്കുക എന്നതാണ് അമിത് ഷായുടെ പദ്ധതിയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആ മോഹം ഇവിടെ നടക്കില്ല എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്ക. ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍മാന്‍ നിമല്‍ പുന്‍ചിഹെവയാണ് ഇതു സംബന്ധിച്ച് പ്രതികരിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ നിയമം അത് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
‘ശ്രീലങ്കയിലെ ഏതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സംഘടനകൾക്കോ വിദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കാന്‍ ഭരണഘടന അനുമതി നൽകുന്നില്ല.’ അദ്ദേഹം വ്യക്തമാക്കി.
രാജ്യമെങ്ങും മാത്രമല്ല, അയൽരാജ്യങ്ങളിൽക്കൂടി പാർട്ടിയെ വ്യാപിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ പറഞ്ഞത്. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സർക്കാർ രൂപീകരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലസ്ഥാനമായ അഗർത്തലയിലെ പാർട്ടി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംസ്ഥാന ഗസ്റ്റ് ഹൗസിൽ പാർട്ടിയുടെ നോർത്ത് ഈസ്റ്റ് സോണൽ സെക്രട്ടറി അജയ് ജാംവലിനൊപ്പം ഇരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ബിജെപി നിരവധി സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിച്ചുവെന്ന് ജാംവൽ പറഞ്ഞു. അതിനു മറുപടിയായാണ് ഇനി ശ്രീലങ്കയും നേപ്പാളും ഉണ്ടെന്ന് അമിത് ഷാ വ്യക്തമാക്കിയത്. നമുക്ക് ആ രാജ്യങ്ങളിലേക്കും കൂടി പാർട്ടിയെ വളർത്തണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു’ – ബിപ്ലബ് വ്യക്തമാക്കിരുന്നു.
Leave a Reply