എന്‍. ബിരേന്‍ സിങ് മണിപ്പൂര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിരേന്‍ സിങിന്റെ രാജി.

ഇംഫാലിലെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് ബിരേന്‍ സിങ് രാജിക്കത്ത് കൈമാറി. മന്ത്രിമാരും ബിജെപി എംഎല്‍എമാരും അദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഇന്ന് രാവിലെ ബിരേന്‍ സിങ് ഡല്‍ഹിയിലെത്തി അമിത് ഷായടക്കമുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനു മുകളിലായി സംസ്ഥാനത്ത് അരങ്ങേറുന്ന വംശീയ കലാപം അവസാനിപ്പിക്കാന്‍ കഴിയാത്തതാണ് രാജിയിലേക്ക് നയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യത്തൊട്ടാകെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നാടാകെ കത്തിയെരിയുമ്പോഴും മുഖ്യമന്ത്രി ബിരേന്‍ സിങ് ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയില്ലെന്നായിരുന്നു വിമര്‍ശനം. നിരവധി വിദേശ രാജ്യങ്ങള്‍ സംഭവത്തെ അപലപിച്ചിരുന്നു.

2023 മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കുക്കി-മെയ്‌തേയി കലാപത്തില്‍ ഇതുവരെ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. നിരവധി പേര്‍ ഭവന രഹിതരായി. നൂറ് കണക്കിന് ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കി. അമ്പതിനായിരത്തോളം ആളുകള്‍ പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.