ദുഷ്യന്ത്, ഹരിയാനയുടെ പുതിയ ചൗട്ടാല എന്ന മാധ്യമ തലക്കെട്ട് വന്നുകഴിഞ്ഞു. മുന്‍ മുഖ്യമന്ത്രിയും ഐഎന്‍എല്‍ഡി (ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍) നേതാവുമായ ഓംപ്രകാശ് ചൗട്ടാലയുടെ കൊച്ചുമകനുമായ ദുഷ്യന്ത് ചൗട്ടാല കിംഗ് മേക്കറാകാന്‍ പോകുന്നു എന്ന് കാര്യം ഇന്നലെ ഉച്ചയോടെ വ്യക്തമായതാണ്. 10 സീറ്റാണ് ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) നേടിയിരിക്കുന്നത്. മെിഷന്‍ 75മായി രംഗത്തെത്തിയ ബിജെപിക്ക് ആകെയുള്ള 90 സീറ്റില്‍ 40 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. കേവല ഭൂരിപക്ഷത്തിന് ആറ് സീറ്റിന്റെ കുറവ്.

31 സീറ്റുമായി കോണ്‍ഗ്രസ് അധികമാരും പ്രതീക്ഷിക്കാത്ത മുന്നേറ്റം നടത്തി. എഎന്‍എല്‍ഡിക്ക് ഒറ്റ സീറ്റ് മാത്രം. ഹരിയാന ലോക് ഹിത് പാര്‍ട്ടിയും ഒരു സീറ്റ് നേടി. ഏഴ് സീറ്റില്‍ സ്വതന്ത്രന്മാര്‍. കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാര്‍ രൂപീകരണത്തിന് ദുഷ്യന്ത് ചൗട്ടാലയുടെ സഹായം തേടിയിട്ടുണ്ട്. ബിജെപിക്ക് ചൗട്ടാലയോ, അല്ലെങ്കില്‍ സ്വതന്ത്രന്മാരോ പിന്തുണ നല്‍കിയാല്‍ ധാരാളം. എന്നാല്‍ കോണ്‍ഗ്രസിന് 15 പേരുടെ പിന്തുണ വേണം.