കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ കലാപത്തേക്കുറിച്ച് അന്വേഷിക്കാനെത്തിയ ബിജെപി സംഘത്തെ തിരിച്ചയച്ചു. മാല്‍ഡയില്‍ ദിവസങ്ങളായി തുടരുന്ന കലാപത്തില്‍ വസ്തുതാന്വഷണത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച മൂന്നംഗ സംഘമാണ് എത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം കൊല്‍ക്കത്തയിലേക്ക് തിരിച്ചയ്ക്കുകയായിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ്, എസ്.എസ്. അഹ്‌ലുവാലിയ, ബി.ജി. റാം എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നവര്‍.
സംഘര്‍ഷ ബാധിത മേഖലയായ കാലിയചക്കില്‍ സുരക്ഷ മുന്‍നിര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുളളതിനാല്‍ അങ്ങോട്ട് പോകാനുളള ഇവരുടെ ശ്രമത്തെ തടയുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. മാള്‍ഡയില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ബിഎസ്എഫും നാട്ടുകാരും തമ്മിലുളള സംഘര്‍ഷമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ജനുവരി 18ന് മാള്‍ഡ സന്ദര്‍ശിക്കാനിരിക്കെയാണ് ബിജെപിയുടെ വസ്തുതാ പഠന സംഘത്തെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തത്.
സന്ദര്‍ശനം തടഞ്ഞ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. കലാപമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു അമിത് ഷാ ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. കഴിഞ്ഞ ഞായറാഴ്ചയാണ് അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയത്.