ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബിജെപി മുന്നേറ്റം. പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ആം ആദ്മി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ആദ്യ ലീഡുകളില്‍ പോലും വ്യക്തമായ ആധിപത്യം സ്ഥാപിച്ച് ബിജെപി അധികാരത്തിലെത്തി. ഉത്തരാഖണ്ഡിലും ബിജെപി 54 സീറ്റുകളുമായി അധികാരത്തിലെത്തി.
ബിജെപി അധികാരത്തിലിരുന്ന ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മീകാന്ത് പര്‍സേക്കര്‍ പരാജയപ്പെട്ടതാണ് ഏറ്റവും വലിയ അട്ടിമറി. ബിജെപി അകാലിദള്‍ സഖ്യം ഭരിച്ചിരുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചു. അതേസമയം മണിപ്പൂരില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപി 16 സീറ്റുകളിലാണ് വിജയിച്ചത്.
ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയതോടെ ഭൂരിപക്ഷം കുറഞ്ഞ രാജ്യസഭയിലും ബിജെപിക്ക് മേല്‍ക്കൈ നേടാനാകും. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നിര്‍ണായകമായ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ഗോവയൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഭരണമാറ്റം ഉണ്ടാകുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറഞ്ഞിരുന്നത്.