ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബൈ ലോക്സഭയില്‍ നോട്ടീസ് നല്‍കി. പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യണമെന്നതാണ് ആവശ്യം. ബജറ്റ് ചര്‍ച്ചയ്ക്കിടെ തെളിവുകളില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കെതിരെ മുന്‍കൂട്ടി അറിയിക്കാതെ ‘എപ്സ്റ്റീന്‍ ഫയല്‍’ ആരോപണം ഉയര്‍ത്തിയതുമാണ് പ്രധാന ആക്ഷേപങ്ങള്‍.
ജോര്‍ജ് സോറോസിനെപ്പോലുള്ള ഇന്ത്യ വിരുദ്ധ ശക്തികളുമായി ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ദുരൂഹമായ വിദേശയാത്രകള്‍ നടത്തുന്നു തുടങ്ങിയ ആരോപണങ്ങളും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആജീവനാന്ത വിലക്കാണ് ആവശ്യപ്പെടുന്നതെന്ന് നിഷികാന്ത് ദുബൈ വ്യക്തമാക്കി. അതേസമയം, ഒരു ഭീഷണിക്കും രാഹുല്‍ വഴങ്ങില്ലെന്നും അദ്ദേഹത്തിനെതിരെ ഇതുവരെ നിരവധി കേസുകള്‍ വന്നിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ പക്ഷപാതം ആരോപിച്ച് പ്രതിപക്ഷം പ്രമേയം നല്‍കിയതിന് പിന്നാലെയാണ് ഭരണപക്ഷത്തിന്റെ ഈ നീക്കം. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് തള്ളാനുള്ള ലോക്സഭ സെക്രട്ടറിയേറ്റിന്റെ നീക്കത്തിനിടെ, വിഷയം പരിഗണിക്കണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചതായാണ് സൂചന. നോട്ടീസ് അംഗീകരിച്ചാല്‍ ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്.











Leave a Reply