ന്യൂഡല്‍ഹി: മേഘാലയ തെരെഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലൊതുങ്ങിയെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി നേതൃത്വം. നാഗാലാന്റിലും ത്രിപുരയിലും വന്‍ മുന്നേറ്റം നടത്തിയ ബിജെപിക്ക് പക്ഷേ മേഘാലയില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചില്ല. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുത്തക ഭരണം നടത്താമെന്ന പാര്‍ടി അജണ്ടയുടെ ഭാഗമായി മേഘാലയിലും ഭരണം പിടിക്കാനുള്ള തന്ത്രം മെനയുകയാണ് ബിജെപി. അതെസമയം സര്‍ക്കാരുണ്ടാക്കാനുള്ള അവകാശ വാദം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു.
ആകെയുള്ള 60 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നത് 59 സീറ്റുകളിലേക്കാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ്. എന്‍.പി.പി-19, യു.ഡി.പി-6, പി.ഡി.എഫ്-4, എച്ച്.എസ്.പി.ഡി-2, എന്‍.സി.പി-1, കെ.എച്ച്.എന്‍.എ.എം-1, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് മേഘാലയയിലെ സീറ്റുകള്‍. കേവല ഭൂരിപക്ഷത്തിനായി വേണ്ടത് 31 സീറ്റുകളാണ്. സ്വതന്ത്രരെ കൂട്ടു പിടിച്ച് ഭരണം സ്വന്തമാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ 19 സീറ്റുകളില്‍ വിജയിച്ചിട്ടുള്ള എന്‍പിപിയെയും മറ്റു ചെറു പാര്‍ട്ടികളെയും കൂട്ട്പിടിച്ച് ഭരണം കൈക്കലാക്കാനുള്ള നീക്കം ബിജെപി തുടങ്ങി കഴിഞ്ഞു.
ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. ഇതേ അവസ്ഥ മേഘാലയിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. അതേ സമയം ഭരണം പിടിക്കാന്‍ ഏതു കുതിരക്കച്ചവടത്തിനും തയ്യാറാവുന്ന പാര്‍ടിയാണ് ബിജെപിയെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം. എന്തായാലും ആരും ഭരിക്കുമെന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും.
Leave a Reply