കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തുടനീളം കരുനീക്കങ്ങളുമായി ബിജെപി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കമല്‍നാഥ് സര്‍ക്കാരിനെയാണ് ബിജെപി വെല്ലുവിളിച്ചിരിക്കുന്നത്. ബിജെപിയുടെ ഉന്നത നേതാക്കളില്‍ നിന്ന് നിര്‍ദേശം ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് സംസ്ഥാനത്തെ ബിജെപി അവകാശപ്പെടുന്നത്
ബിജെപിയുടെ ഉന്നത നേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചാല്‍ 24 മണിക്കൂര്‍ പോലും കമല്‍നാഥിന് മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കില്ലെന്ന് ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ നിയമസഭയില്‍ പറഞ്ഞു. ഇതിന് മറുപടിയുമായി കമല്‍നാഥ് രംഗത്തെത്തി. സഭയില്‍ വിശ്വാസ പ്രമേയം നേരിടാന്‍ താന്‍ തയ്യാറാണെന്ന് കമല്‍നാഥ് പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയുടെ ഉന്നത നേതൃത്വം ശ്രമിക്കാത്തത് അതിന് സാധിക്കില്ലെന്ന് അവര്‍ക്ക് നല്ല ഉറപ്പുള്ളതുകൊണ്ടാണെന്നും കമല്‍നാഥ് തിരിച്ചടിച്ചു.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികകാലം അധികാരത്തില്‍ ഉണ്ടാകില്ലെന്നാണ് കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാനും പറഞ്ഞത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമങ്ങളൊന്നും നടത്തില്ല. എന്നാല്‍, ഈ സര്‍ക്കാര്‍ ഉടന്‍ തന്നെ വീഴും. കോണ്‍ഗ്രസിനുള്ളില്‍ തന്നെ പടലപിണക്കങ്ങളും കലഹങ്ങളും ഉണ്ടെന്നും കമല്‍നാഥ് പറഞ്ഞു.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രം ലഭിച്ചപ്പോള്‍ ബിജെപിക്ക് 105 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു.
Leave a Reply