മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ഇക്കാര്യം അദ്ദേഹം മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ട് അറിയിക്കുകയും ചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷം തങ്ങള്‍ക്കില്ലെന്നായിരുന്നു ഫട്‌നാവിസ് ഗവര്‍ണറെ അറിയിച്ചത്.
ശിവസേനയുമായുള്ള ബന്ധം അവസാനിച്ചെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. മുന്നണിയായി മത്സരിച്ചശേഷം പിന്നില്‍ നിന്നും കുത്തുകയാണ് ശിവസേന ചെയ്തതെന്ന് ഫട്‌നാവിസ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പട്ടീലും വ്യക്തമാക്കി. സംസ്ഥാനത്ത് ജനം വിധിയെഴുതിയത് ബിജെപി-ശിവസേന സഖ്യത്തിനാണ്. എന്നാല്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം ചേര്‍ന്ന് ജനങ്ങളെ അപമാനിക്കാനാണ് ശിവസേനയുടെ താല്‍പര്യമെന്നും അദ്ദേഹം ആരോപിക്കുന്നു. അതാണ് താല്‍പര്യമെങ്കില്‍ ശിവസേനയ്ക്ക് എല്ലാ ആശംസകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിക്കൂറുകള്‍ നീണ്ട കോര്‍കമ്മിറ്റി യോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്നും പിന്മാറാന്‍ ബിജെപി തീരുമാനിച്ചത്.
അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന തയ്യാറായി കഴിഞ്ഞു. അവകാശവാദവുമായി ഗവര്‍ണറെ സമീപിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് അറിയിച്ചു. ശിവസേന മുഖ്യമന്ത്രിയാകും ഇനി ഉണ്ടാകുകയെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദവിയും എന്‍സിപിയ്ക്ക് ഉപമുഖ്യമന്ത്രി പദവിയും നല്‍കിയുള്ള സമവായത്തിനാണ് കളമൊരുങ്ങുന്നത്. ഇതിനിടെ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ പഠിക്കാന്‍ എഐസിസി പ്രത്യേക നിരീക്ഷണ സംഘത്തെ മഹാരാഷ്ട്രയിലേക്ക് അയച്ചിരിക്കുകയാണ്.
Leave a Reply