ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- രോഗികൾ വംശീയമായി തന്നെ അധിക്ഷേപിക്കുന്നു എന്ന പരാതി ഉന്നയിച്ച കറുത്ത വർഗ്ഗക്കാരിയായ നേഴ്സിനോട് ചർമം ബ്ലീച്ച് ചെയ്ത് വെളുപ്പിക്കാൻ മേലധികാരി ആവശ്യപ്പെട്ട സംഭവത്തിൽ ട്രിബ്യൂണൽ വാദം കേട്ടു. സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള അഡ് ലെയ്ഡ് ക് വെയാമയ്ക്കാണ് ഈ ദുരനുഭവം നേരിട്ടത്. ഹീത്രൂവിലെ ഒരു ഇമിഗ്രന്റ് റിമൂവൽ സെന്ററിലെ ഒരു ഏജൻസിക്ക് വേണ്ടിയാണ് അഡ് ലേയ്ഡ് ജോലി ചെയ്തിരുന്നത് . ഒരു രോഗി തന്നെ വംശീയമായി അധിക്ഷേപിക്കുകയും തനിക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്ന രീതിയിൽ പെരുമാറുകയും ചെയ്തുവെന്ന് തന്റെ മേൽ അധികാരിയായ നേഴ്സിനോട് അഡ്ലേയ്ഡ് പരാതിപ്പെട്ടിരുന്നു. എന്നാൽ തന്നോട് ആദ്യം ബ്ലീച്ച് ചെയ്ത് തന്റെ ചർമ്മം വെളുപ്പിക്കാനാണ് തന്റെ മുതിർന്ന നേഴ്സ് ആവശ്യപ്പെട്ടതെന്ന് അഡ്ലേയ്ഡ് വ്യക്തമാക്കി. രോഗികളിൽ നിന്ന് നല്ല പെരുമാറ്റം ഉണ്ടാകുവാൻ അഡ്ലേയ്ഡ് തന്റെ ചർമ്മം ബ്ലീച്ച് ചെയ്ത് വെളുപ്പിക്കട്ടെ എന്ന പരാമർശം മുതിർന്ന നേഴ്സ് തന്റെ സഹപ്രവർത്തകയോട് നടത്തുന്നതും അഡ്ലേയ്ഡ് കേൾക്കാനിടയായി.

അതോടൊപ്പം തന്നെ ഹീത്രോ സെന്ററിൽ ജോലി ചെയ്തിരുന്ന സമയത്ത് നിരവധി പേരിൽ നിന്നും വംശീയ അധിക്ഷേപം അനുഭവിക്കേണ്ടതായി വന്നുവെന്നും അഡ്ലേയ്ഡ് തന്റെ പരാതിയിൽ വ്യക്തമാക്കുന്നു. ഈ അനുഭവം നേരിട്ട് ദിവസങ്ങൾക്ക് ശേഷം തനിക്ക് ആ സെന്ററിൽ ജോലി ചെയ്യാൻ കഴിയുകയില്ലെന്ന് വ്യക്തമാക്കി അഡ്ലേയ്ഡ് ഏജൻസിക്ക് മെയിൽ അയച്ചിരുന്നു.അതേ മാസം തന്നെ ലഭിച്ച മറുപടിയിൽ, അവളുടെ പ്രസ്താവനയിൽ ഉപയോഗിച്ച ചില വാക്കുകൾ ആശങ്കാജനകമായതിനാൽ അവളുടെ മാനസികാവസ്ഥയെ സംബന്ധിച്ച് മേലധികാരിക്ക് ആശങ്കയുള്ളതിനാൽ കരാർ അവസാനിപ്പിക്കുകയാണെന്ന് ഒരു എൻ എച്ച് എസ് മാനേജർ വ്യക്തമാക്കിയതായി അഡ്ലേയ്ഡ് പറഞ്ഞു.


എൻ എച്ച് എസ് ട്രസ്റ്റും തന്റെ സഹായത്തിനായി യാതൊരുവിധ നടപടിയും എടുത്തില്ലെന്ന് അഡ്ലേയ്ഡ് ആരോപിച്ചു. ജോലിസ്ഥലത്ത് വെച്ച് ഇവർ വംശീയ അധിക്ഷേപങ്ങൾക്ക് വിധേയയായതായി ട്രിബ്യൂണൽ വാദം കേട്ടു. ഉടൻതന്നെ ഇത് സമ്മതിച്ചു നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.