ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെയും ലോകത്തിലെ തന്നെയും ഏറ്റവും വലിയ നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിൻ്റെ (ആർസി എ ൻ) ബോർഡ് മെമ്പർ ആയി മലയാളി തിരഞ്ഞെടുക്കപ്പെട്ടു. മലയാളി നേഴ്സും മുണ്ടക്കയം പാലൂർക്കാവ് സ്വദേശിനിയുമായ ബ്ലെസി ജോൺ ആണ് യുകെ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ലെസ്റ്ററിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒഫ്താൽമോളജി മെട്രൺ ആയി ജോലി ചെയ്യുകയാണ് ബ്ലെസി . യുകെ മലയാളി സമൂഹത്തിലെ ഭൂരിപക്ഷം പേരും നേഴ്സിംഗ് മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ തങ്ങളിലൊരാൾ തങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ നേതൃനിരയിൽ എത്തിയതിന്റെ സന്തോഷത്തിലാണ് യുകെ മലയാളി നേഴ്സുമാർ.

യുകെയിൽ വന്ന കാലം മുതൽ ലസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സജീവ പ്രവർത്തകയായിരുന്നു ബ്ലെസ്സി . ബ്ലെസ്സിയുടെയും സഹപ്രവർത്തകരുടെയും ഉദ്യമഫലമായാണ് 7 77 ഓളം അംഗങ്ങളുള്ള ലസ്റ്റർ കേരള നേഴ്സസ് ഫോറം തുടങ്ങിയത്. ലസ്റ്ററിലെ മലയാളി നേഴ്സുമാരുടെ ഇടയിലെ പരസ്പരം സഹകരണത്തിനും തൊഴിൽപരമായ അഭിവൃദ്ധിക്കും കാര്യമായ സംഭാവന ചെയ്യുന്നുണ്ട് ലസ്റ്റർ കേരള നേഴ്സസ് ഫോറം. ആദ്യകാലത്ത് യുകെയിൽ എത്തിയിരുന്ന മലയാളി നേഴ്സുമാർക്ക് തൊഴിൽപരമായ മാർഗനിർദ്ദേശങ്ങൾ ശരിയായ രീതിയിൽ ലഭിച്ചിരുന്നില്ല . എന്നാൽ ഇന്ന് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ഒട്ടേറെ മലയാളികളാണ് വിവിധ ആശുപത്രികളിലെ ഏറ്റവും മുതിർന്ന സ്ഥാനങ്ങളിൽ ഉള്ളത്. ഇവരുടെ അനുഭവ സമ്പത്തും മാർഗ്ഗനിർദ്ദേശങ്ങളും പുതിയതായി എത്തുന്ന പലർക്കും നൽകുന്നതിനാണ് ലസ്റ്റർ കേരള നേഴ്സസ് ഫോറത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ബ്ലെസി മലയാളം യുകെ യുകെയോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2004 -ൽ സീനിയർ കെയററായി യുകെയിലെത്തിയ ബ്ലെസ്സി നിലവിൽ ബാൻഡ് 8 നേഴ്സ് ആയി ആണ് ജോലി ചെയ്യുന്നത്. ഭർത്താവ് ഷാജി ജോസഫ് തൊടുപുഴ ആലക്കോട് സ്വദേശിയാണ്. രാഹുൽ ,രോഹിത്, റോഷ് എന്നിവരാണ് ബ്ലസി- ഷാജി ദമ്പതികളുടെ മക്കൾ. മൂത്ത രണ്ടുപേരും പഠനശേഷം യുകെയിൽ തന്നെ ജോലി ചെയ്യുകയാണ്. ഇളയ മകൻ റോഷ് യൂണിവേഴ്സിറ്റി ഓഫ് ലസ്റ്ററിൽ സോഫ്റ്റ്‌വെയർ എൻജിനീയറിങ് കോഴ്സ് ചെയ്യുന്നു . ആർസി എന്നിന്റെ ബോർഡ് അംഗം എന്ന നിലയിൽ അംഗങ്ങളുടെ തൊഴിൽ മേഖലയിലും ജീവിതത്തിലും അഭിവൃദ്ധിയ്ക്കു വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കാനുള്ള സന്നദ്ധതയാണ് ബ്ലെസ്സി നേതൃത്വനിരയിലേയ്ക്ക് ഉയർന്നു വരാനുള്ള പ്രധാന ഘടകം .

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ഏറ്റവും കൂടുതൽ മലയാളികൾ യുകെയിൽ എത്തുന്നത് നേഴ്സിംഗ് മേഖലകളിലാണ്. കോവിഡ് ഉൾപ്പെടെയുള്ള സമയത്ത് മറ്റെല്ലാ തൊഴിൽ മേഖലകളും ലോക്ഡൗണിന്റെ സംരക്ഷണത്തിൽ ഒളിച്ചപ്പോൾ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ യുദ്ധമുഖത്ത് പടപൊരുതിയതിന്റെ മുൻപന്തിയിലായിരുന്നു മലയാളി നേഴ്സുമാർ. വർഷങ്ങളുടെ അനുഭവ സമ്പത്തുമായി ലോകത്തിലെ ഏറ്റവും വലിയ നേഴ്സിംഗ് സംഘടനയുടെ നേതൃത്വനിരയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ബ്ലസിക്ക് മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങൾ നേരുന്നു.