ഭൂരിപക്ഷം വ്യക്തികളും തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ദുഃഖങ്ങളെയും ദുരിതങ്ങളെയും ഓർത്ത് വിലപിക്കുമ്പോൾ, അതിൽ നിന്നെല്ലാം വ്യത്യസ്തനായി ഇതാ ഒരാൾ. തന്റെ അന്ധതയെ സധൈര്യം നേരിട്ട് ഗോൾഫ് കളിക്കുകയാണ് ഇയാൾ. മുപ്പതുകാരനായ നിക്ക് ബർ എന്ന വ്യക്തിയാണ് ഈ ഹീറോ. കാഴ്ച നഷ്ടപ്പെടുന്നതിനു മുൻപ് തന്നെ അദ്ദേഹം ഗോൾഫിൽ വിദഗ്ധനായിരുന്നു.എന്നാൽ ഒറ്റരാത്രി കൊണ്ടാണ് അദ്ദേഹത്തിന് തന്റെ കാഴ്ച നഷ്ടപ്പെട്ടത്.
2013- ൽ ചെവി വേദനയോടെ ആരംഭിച്ച രോഗം, പിന്നീട് സെൻട്രൽ നെർവ്‌സ് സിസ്റ്റം ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഗോൾഫ് കളിയിൽ അതീവ താൽപര്യമുണ്ടായിരുന്ന നിക്ക്, എല്ലാ ആഴ്ച്ചയിലും തന്റെ സഹായി യോടൊപ്പം പ്രാക്ടീസ് ചെയ്തു. തന്റെ സഹായിയാണ് പ്രാക്ടീസ് കാലഘട്ടങ്ങളിലൂടനീളം തന്നെ മെച്ചപ്പെടുത്തി എടുത്തതെന്നു അദ്ദേഹം പറഞ്ഞു.
ബോളിന്റെ വേഗതയും, ദിശയും, മറ്റും മനസ്സിലാക്കാനായി ഒരു ഡിജിറ്റൽ വാച്ച് അദ്ദേഹം ഉപയോഗിച്ചിരുന്നു. കാഴ്ച ഉണ്ടായിരുന്ന സമയം കളിച്ചിരുന്ന പോലെ കളിക്കുവാൻ ശ്രമിച്ചെങ്കിലും, ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു. എല്ലാ കാര്യങ്ങളും ആദ്യം മുതൽ തന്നെ സാവധാനം പഠിക്കേണ്ടി വന്നു.
കഠിനമായ ചെവി വേദന, ഉയർന്ന രക്തസമ്മർദ്ദം, കാഴ്ച വൈകല്യങ്ങൾ മുതലായവയായിരുന്നു തുടക്കത്തിലേ രോഗലക്ഷണങ്ങൾ. പല ഡോക്ടർമാരെയും അദ്ദേഹം സന്ദർശിച്ചു. ഇരുപത്തിയഞ്ചാം വയസ്സിൽ ഒരു ന്യൂ ഇയർ രാത്രിയിൽ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടു. നാലാം ദിവസം അദ്ദേഹത്തിന് കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. തുടർന്ന് ക്യാൻസറാണെന്ന് നിർണയിക്കപ്പെടുകയും, റേഡിയേഷനും കീമോതെറാപ്പിയും മറ്റും നൽകുകയും ചെയ്തു. ഒക്ടോബർ 2014 ഓടുകൂടി അദ്ദേഹം ക്യാൻസറിൽ നിന്ന് പൂർണ്ണ മുക്തി പ്രാപിച്ചു.
ഗോൾഫും, ഫുട്ബോളുമെല്ലാം കളിച്ചിരുന്ന അദ്ദേഹം, പിന്നീട് തന്റെ അന്ധതയോട് പൊരുതി ജീവിത നേട്ടങ്ങൾ കൈപ്പിടിയിലാക്കി. ഇപ്പോൾ അദ്ദേഹം അനുഭവിക്കുന്ന ഗോൾഫ് കളിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ്.
Leave a Reply