ന്യൂഡല്‍ഹി: രാജസ്ഥാനിലും പശ്ചിമ ബംഗാളിലുമായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളില്‍ ഒരിടത്ത് കോണ്‍ഗ്രസ് വിജയിക്കുകയും രണ്ടിടത്ത് വലിയ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയുമാണ്. അതേ സമയം ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന നാവോപര മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുകയും ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ലീഡ് ചെയ്യുകയുമാണ്. ഇവിടെങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
രാജസ്ഥാനില്‍ ഈ വര്‍ഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ സംഭവിച്ച തോല്‍വി ബിജെപിക്ക് കനത്ത ആഘാതമാവുകയാണ്. മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് ധാക്കഡ് 12,976 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആള്‍വാര്‍, അജ്മീര്‍ ലോക്സഭാ സീറ്റുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആള്‍വാറിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കരണ്‍ സിങ് യാദവ് 72,000 വോട്ടിനും അജമീറിലെ കോണ്‍ഗ്രസ്സ സ്ഥാനാര്‍ഥി രഘു ശര്‍മ്മ 45,000 വോട്ടിനും ലീഡ് ചെയ്യുകയാണ്. ഇരുവരും ഏതാണ്ട് വിജയം ഉറപ്പിച്ചു കഴിഞ്ഞു.
പശ്ചിമ ബംഗാളിലെ നാവോപര നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ ബഹുദൂരം പിന്നിലാക്കി 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി സുനില്‍ സിങ് വിജയിച്ചു. ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 95,229 വോട്ടിന് തൃണമൂല്‍ സ്ഥാനാര്‍ഥി മുന്നിലാണ്.
Leave a Reply