ഇന്‍ഡോര്‍: വിവാദ ഓണ്‍ലൈന്‍ ഗെയിമായ ബ്ലൂവെയിലിന്റെ അന്‍പതാം ഘട്ടം പൂര്‍ത്തീകരിക്കുന്നതിന് കൗമാരക്കാരന്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്‍ഡോറിലെ 13 വയസ്സുള്ള വിദ്യാര്‍ഥിയാണ് ഗെയിമിന് കീഴ്‌പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സഹപാഠികളുടെ സമയോചിത ഇടപെടല്‍ മൂലം വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കാനായി.
രാജേന്ദ്രനഗറിലെ ചമാലി ദേവി പബ്ലിക് സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടാന്‍ ശ്രമിച്ചത്. സ്കൂളിന്റെ ബാല്‍ക്കണിയ്ക്ക് മുകളില്‍ കയറിയ വിദ്യാര്‍ഥിയെ സഹപാഠികളായ വിദ്യാര്‍ഥികള്‍ കൃത്യസമയത്ത് പിന്നിലേയ്ക്ക് പിടിച്ചുവലിച്ചതിനാല്‍ താഴേയ്ക്ക് വീഴാതെ ജീവന്‍ രക്ഷിക്കാനായതായി രാജേന്ദ്രനഗര്‍ എഎസ്പി രൂപേഷ് കുമാര്‍ ദ്വിവേദി പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ അധ്യാപകരെ വിവരമറിയിക്കുകയും അധ്യാപകര്‍ പോലീസിനെ അറിയിക്കുകയുമായിരുന്നു. വിദ്യാര്‍ഥി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പിതാവിന്റെ മൊബൈല്‍ ഫോണില്‍ ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങളിലായി വിദ്യാര്‍ഥി കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു. ഗെയിമിന്റെ അന്‍പതാം ഘട്ടം പൂര്‍ത്തീകരിക്കുന്നതിനായി ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് മറ്റു വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. വിദ്യാര്‍ഥി ഈ ഗെയിം കളിച്ചിരുന്നതായി സ്‌കൂള്‍ പ്രധാനാധ്യാപികയും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയെ മനഃശാസ്ത്രജ്ഞനെ കാണിക്കാന്‍ പോലീസ് ആലോചിക്കുന്നതായി പോലീസ് വ്യക്തമാക്കി.
ബ്ലൂവെയില്‍ ഗെയിമിന് കീഴ്‌പെട്ട് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് മുംബൈയില്‍ 14 വയസ്സുകാരന്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. മന്‍പ്രീത് സിങ്ങ് എന്ന വിദ്യാര്‍ഥിയാണ് കിഴക്കന്‍ അന്ധേരിയില്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചത്. വിദ്യാര്‍ഥി ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി വ്യക്തമായിരുന്നു. ബ്ലൂവെയില്‍ ചലഞ്ചുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആത്മഹത്യയായിരുന്നു മന്‍പ്രീതിന്റേത്.
സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ബ്ലൂവെയില്‍ ചലഞ്ച്. 50 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന ഈ ഗെയിം പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറുകളിലോ ലഭിക്കില്ല. ഓണ്‍ലൈനായി കളിക്കുന്നതാണ് വ്യാപകമായ രീതി. നിശ്ചിത വെബ്സൈറ്റില്‍ പോയാല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്യുന്നവരുമുണ്ട്.
ആത്മഹത്യ, മരണം തുടങ്ങിയ ഒരു വിവരങ്ങളും ഇല്ലാതെയാണ് ഗെയിം തുടങ്ങുക. തീര്‍ത്തും ആവേശം നിറയ്ക്കുന്ന ഒരു ഗെയിം മാത്രമായി മുന്നിലെത്തുന്ന ഗെയിമിന്റെ ആദ്യ ഘട്ടങ്ങളില്‍ മുറിയില്‍ തനിച്ചിരുന്ന് ഹൊറര്‍ സിനിമകള്‍ കാണുന്ന ചിത്രം അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതിന്റെ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്യണം.
ഒടുവില്‍ അമ്പതാം ദിവസം ഗെയിം അഡ്മിന്റെ നിയന്ത്രണത്തിലായ യുവാക്കളോട് ആത്മഹത്യ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കും. ഗെയിമിന് മാനസികമായി അടിപ്പെട്ടവര്‍ അത് അനുസരിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. റഷ്യ, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ 100ല്‍ അധികം കുട്ടികള്‍ ഗെയിമിന് അടിപ്പെട്ട് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Leave a Reply