പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് കത്തി വില്‍പ്പന നടത്തിയ റിട്ടെയില്‍ ഭീമന്‍ ബി ആന്റ് എമ്മിന് വന്‍ തുക പിഴ ശിക്ഷ. ബാര്‍ക്കിംഗ് സൈഡ് കോടതിയാണ് സ്ഥാപനത്തിന് വന്‍ തുക പിഴ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 480,000 പൗണ്ട് പിഴയും 12,428 പൗണ്ട് കോടതി ചെലവിനായും 170 പൗണ്ട് വിക്റ്റിം സര്‍ ചാര്‍ജായും കമ്പനി നല്‍കണം. തുക അടയ്ക്കാന്‍ കോടതി 28 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കത്തിയോ ഇതര അപകടകാരിയായ വസ്തുക്കളെ വില്‍പ്പന നടത്തുന്നത് വളരെ അപകടമേറിയ നടപടിയാണെന്ന് കോടതി വിധി പ്രസ്താവത്തില്‍ നിരീക്ഷിച്ചു.

ബി ആന്റ് എമ്മിനെതിരെ പോലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് സ്ഥാപനം കുട്ടികള്‍ക്ക് കത്തി, ബ്ലേഡ് തുടങ്ങിയവ വില്‍പ്പന നടത്തുന്നതായി മനസിലായത്. ഏകദേശം 14 മുതല്‍ 16 വയസ് വരെ പ്രായമുള്ള നാല് കുട്ടികളെ ബി ആന്റ് എം സ്റ്റോറില്‍ കത്തി വാങ്ങാനായി പോലീസ് അയക്കുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാര്‍ ആരും തന്നെ കുട്ടികള്‍ക്ക് കത്തി വില്‍പ്പന നടത്തുന്നത് നിയമ വിരുദ്ധമാണെന്ന് മനസിലാക്കിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കൂടാതെ നിരന്തരമായി ഇതേ നിയമ വിരുദ്ധ പ്രവര്‍ത്തനം കമ്പനി നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM

ലണ്ടന്‍ നഗരത്തിലും യു.കെയുടെ വിവിധ ഭാഗങ്ങളിലും കത്തി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കത്തി വില്‍പ്പന നടത്തുന്ന സ്റ്റോറുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കുട്ടികള്‍ക്ക് കത്തി വില്‍പ്പന നടത്തിയതായി ബി ആന്റ് എം സമ്മതിച്ചിട്ടുണ്ട്. പതിനാല് വയസിന് താഴെ മാത്രം പ്രായമുള്ള കുട്ടിക്ക് ബ്ലേഡ് വില്‍പ്പന നടത്തിയതായി റിട്ടെയില്‍ അധികൃതര്‍ കോടതിയില്‍ കുറ്റസമ്മതം നടത്തി. വിവിധ ഘട്ടങ്ങളിലായി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും കമ്പനി കത്തി വില്‍പ്പന നടത്തിയതായും പോലീസ് നടത്തിയ ഓപ്പറേഷനില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.