കുഞ്ചെറിയാ മാത്യൂ

1971 -ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധസമയത്ത് ഇന്ത്യയ്ക്ക് നിര്‍ണായകമായ മുന്നേറ്റം നല്‍കിയ കറാച്ചി തുറമുഖ ആക്രമണത്തിന്റെ സൂത്രധാരനും നേതൃത്വം നല്‍കിയതില്‍ പ്രമുഖനുമായ ലഫ്. കമാന്‍ഡര്‍ ബി.എന്‍ കവിത (80) അന്തരിച്ചു. ഓസ്ട്രേലിയയിലെ അഡ്‌ലയ്ഡില്‍ വച്ചായിരുന്നു അന്ത്യം. ബി.എന്‍ കവിത തന്റെ വാര്‍ധക്യകാലം ചിലവഴിച്ചിരുന്നത് അഡ്ലയ്ഡിലെ മകന്റെ വസതിയിലായിരുന്നു.

ഇന്ത്യന്‍ യുദ്ധകപ്പലുകളായ നിപട്, നീര്‍ഘട്, വീര്‍ എന്നീ കപ്പലുകളാണ് 1971 ഡിസംബര്‍ നാലിന് കറാച്ചി തുറമുഖത്ത് മിസൈലാക്രമണം നടത്തിയത്. നിപടിന്റെ കമാന്‍ഡിങ്ങ് ഓഫീസറായിരുന്നു കവിത.

ഇന്നത്തെപ്പോലെ ആധുനിക യുദ്ധകപ്പലുകളോ ദീര്‍ഘദൂര മിസൈലുകളോ ഇല്ലാതിരുന്ന ഇന്ത്യന്‍ നാവികസേന വളരെ സാഹസികമായാണ് കറാച്ചി തുറമുഖം ആക്രമിച്ച് തരിപ്പണമാക്കിയത്. ഈ സൈനിക നടപടി യുദ്ധചരിത്ത്രില്‍ ”ഓപ്പറേഷന്‍ ട്രിസന്റ” എന്നാണ് അറിയപ്പെടുന്നത്. കറാച്ചി തുറമുഖാക്രമണം 1971-ലെ യുദ്ധത്തില്‍ ഇന്ത്യയുടെ നിര്‍ണായകമായ മുന്നേറ്റത്തിന് കാരണമായി.