ഒമാനിലെ സലാലയില്‍ കടലില്‍ വീണ് കാണാതായ അഞ്ച് ഇന്ത്യക്കാരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നു രാവിലൊണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സി ഡി എ എ) അറിയിച്ചു.
മുതിര്‍ന്ന ഒരാളുടെയും ഒരു കുട്ടിയുടെയും മൃതദേഹമാണു കണ്ടെത്തിയത്. ദുബൈയില്‍നിന്ന് എത്തിയ എട്ടംഗ ഉത്തരേന്ത്യന്‍ കുടംബം ഞായറാഴ്ച വൈകീട്ടാണ് അപകടത്തില്‍ പെട്ടത്. മൂന്നു പേരെ സി സി ഡി എ എ രക്ഷപ്പെടുത്തിയിരുന്നു.
ദോഫാര്‍ ഗവര്‍ണറേറ്റിലെ ടൂറിസ്റ്റ് കേന്ദ്രമായ അല്‍ മുഗ്സെയ്ല്‍ ബീച്ചിലാണ് അപകടം നടന്നത്. സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫൊട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണു കുടംബം അപകടത്തില്‍ പെട്ടത്. ഉയര്‍ന്നുപൊങ്ങിയ ശക്തമായ തിരമാലയില്‍ അഞ്ചുപേരും ഒലിച്ചുപോകുകയായിരുന്നു. ഇവരില്‍ മൂന്നു പേര്‍ കുട്ടികളാണ്.
”ദോഫാര്‍ ഗവര്‍ണറേറ്റിലെ അല്‍-മുഗ്സൈല്‍ ബീച്ചില്‍ കാണാതായവരില്‍ രണ്ടുപേരെ മരിച്ചനിലയില്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ വാട്ടര്‍ റെസ്‌ക്യൂ ടീം കണ്ടെത്തി. മറ്റു മൂന്നു പേര്‍ക്ക് കൂടി തിരച്ചില്‍ തുടകരുകയാണ്,” സി ഡി എ എ അറിയിച്ചു.
സംഭവം നടന്ന ഉടന്‍ റോയല്‍ എയര്‍ഫോഴ്സിന്റെ സഹായത്തോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സി ഡി എ എ തീവ്രമായ തിരച്ചില്‍ നടത്തിയിരുന്നു.
അതിനിടെ, ഖുറിയത്ത് വിലായത്ത് വാദി അല്‍ അറബിയിനിലെ ജലാശയത്തില്‍ മുങ്ങിമരിച്ച രണ്ട് പ്രവാസികളുടെ മൃതദേഹം വാട്ടര്‍ റെസ്‌ക്യൂ ടീം കണ്ടെടുത്തു. രണ്ടു ഏഷ്യക്കാരാണു മരിച്ചതെന്നു സി ഡി എ എ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഒമാനില്‍ ഇത്തരം അപകടങ്ങള്‍ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്.
Leave a Reply