ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻ ഇംഗ്ലണ്ട് റഗ്ബി താരം ടോം വോയ്‌സിൻ്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ദരാഗ് കൊടുങ്കാറ്റിന് പിന്നാലെ ടോം വോയ്‌സിനെ കാണാതാവുകയായിരുന്നു. മറൈൻ യൂണിറ്റ് നോർത്തംബർലാൻഡിലെ ആബർവിക്ക് മില്ലിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ദരാഗ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കമുള്ള പ്രദേശത്തിലൂടെ യാത്ര ചെയ്യുമ്പോഴാണ് 43 കാരനായ ടോമിനെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളിലായി ഇദ്ദേഹത്തിനായുള്ള തിരച്ചിൽ പോലീസ് നടത്തിവരികയായിരുന്നു. മൃതദേഹത്തിൻ്റെ ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടത്തിയിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശനിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം പുറത്തായിരുന്ന താരം വീട്ടിൽ വൈകിയും തിരിച്ചെത്താത്തതിനെ തുടർന്നാണ് ആശങ്കകൾ ഉയർന്നത്. സംഭവത്തിന് പിന്നാലെ നോർത്തുംബ്രിയ പോലീസിൻ്റെ ചീഫ് സൂപ്രണ്ട് ഹെലീന ബാരൺ അനുശോചനം രേഖപ്പെടുത്തി. ടോം വോയ്‌സിൻെറ മരണത്തിന് പിന്നിൽ മറ്റൊരാളുടെ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.

പോലീസ്, മൗണ്ടൻ റെസ്‌ക്യൂ ടീമുകൾ, നാഷണൽ പോലീസ് എയർ സർവീസ്, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ ചേർന്നായിരുന്നു ടോമിനായി തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ പോലീസും സുഹൃത്തുക്കളും നാട്ടുകാരും നൽകിയ പിന്തുണയ്ക്കും സഹായത്തിനും ഭാര്യ അന്നയും കുടുംബവും നേരത്തെ നന്ദി അറിയിച്ചിരുന്നു. കനത്ത മഴയും നദിയിലെ ജലനിരപ്പ് ഉയർന്നതും ടോമിനായുള്ള തിരച്ചിൽ വെല്ലുവിളി നിറഞ്ഞതാക്കിയിരുന്നു. കോൺവാളിലെ ട്രൂറോയിൽ നിന്നുള്ള ടോം വോയ്‌സ്, 2013-ൽ വിരമിക്കുന്നതിനുമുമ്പ് വാസ്‌പ്‌സ്, ബാത്ത്, ഗ്ലൗസെസ്റ്റർ എന്നിവയെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു. തൻ്റെ റഗ്ബി കരിയറിന് ശേഷം ഇൻവെസ്‌ടെക് ബാങ്കിൽ ജോലി ചെയ്ത അദ്ദേഹം 2020 മുതൽ അൽൻവിക്കിൽ താമസിക്കുകയായിരുന്നു.