ബ്രിട്ടനിലേക്കുള്ള കെനിയൻ വിമാനത്തിന്റെ ലാൻഡിങ് ഗിയർ കംപാർട്ട്മെന്റിൽ പതിയിരുന്നെത്തിയ യാത്രക്കാരൻ ലാൻഡിങ്ങിനിടെ മരിച്ചുവീണത് ലണ്ടനിലെ ഒരു വീട്ടുമുറ്റത്ത്. ആകാശയാത്രയിലെ അത്യപൂർവസംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് കെനിയൻ എയർവെയ്സും വീട്ടുടമയും. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിനു സമീപമുള്ള വീടിന്റെ ഗാർഡനിലേക്കാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.40ന് മൃതശരീരം പതിച്ചത്. വിമാനത്തിന്റെ ലാൻഡിങ് വീൽ പുറത്തേക്കെടുത്തപ്പോഴായിരുന്നു ഗിയർ കംപാർട്ട്മെന്റിൽ മരവിച്ചു മരിച്ചിരുന്ന യാത്രക്കാരൻ താഴേക്കു പതിച്ചത്.
യൂകെയിലേക്ക് അനധികൃതമായി കുടിയേറുക എന്ന ലക്ഷ്യത്തോടെ ഗിയർ കംപാർട്ടുമെന്റിൽ കയറിക്കൂടിയതാകാം ഇയാൾ എന്നാണ് അനുമാനം. പൊലീസും, എയർപോർട്ട് അധികൃതരും കെനിയൻ എയർവേസും അന്വേഷണം തുടരുകയാണ്. നെയ്റോബിയിൽനിന്നും ലണ്ടനിലേക്കുള്ള 4250 മൈൽ ദൂരം ഒമ്പതു മണിക്കൂർകൊണ്ടു പറന്നുവന്നതാണ് വിമാനം.
സൗത്ത് ലണ്ടനിലെ ക്ലാപ്പമിലുള്ള വലിയ വീടിന്റെ പിന്നിലെ ഗാർഡനിലേക്ക് മൃതദേഹം വീഴുമ്പോൾ വീട്ടുടമസ്ഥൻ ഏതാനും വാര അകലത്തിരുന്ന് വെയിൽകായുകയായിരുന്നു. മൃതദേഹം കണ്ട് പേടിച്ചോടിയ അദ്ദേഹം അയർക്കാരോട് വിവരം പറഞ്ഞു. പിന്നീട് പൊലീസെത്തി നടപടികൾ ആരംഭിച്ചു. ലാൻഡിങ് ഗിയർ ക്യാബിനിൽനിന്നാണ് മൃതദേഹം വീണതെന്ന് പൊലീസും എയർലൈൻ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ബോയിങ് 787 വിമാനത്തിന്റെ ലാൻഡിങ് ഗിയർ കംപാർട്ടുമെന്റിൽനിന്നും ചെറിയ ബാഗും വെള്ളക്കുപ്പിയും ചില ഭക്ഷണപദാർഥങ്ങളും കണ്ടെടുത്തിട്ടുണ്ട്. ജീൻസും ടീ ഷർട്ടുമായിരുന്നു വേഷം. വിമാനത്തിന് കേടുപാടുകൾ ഉള്ളതായി റിപ്പോർട്ടില്ല.
ഇതാദ്യമായല്ല വിമാനത്തിൽനിന്നും ഇത്തരത്തിൽ അനധികൃതമായി കയറുന്നവർ ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിനു സമീപം വീണുമരിക്കുന്നത്. 2015 ജൂണിൽ ജോഹ്നാസ്ബർഗിൽനിന്നും എത്തിയ ബ്രിട്ടീഷ് എയർവേസ് വിമാനത്തിലും 2012 ഓഗസ്റ്റിൽ കേപ്ടൗണിൽ നിന്നുമെത്തിയ മറ്റൊരു വിമാനത്തിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്.
Leave a Reply