തബൂക്കിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ആറു മാസങ്ങൾക്കു ശേഷം സംസ്കരിച്ചു. തമിഴ്നാട്, ത്രിച്ചിനപ്പള്ളി, ശ്രീനാദപുരം സ്വദേശി രാജാ ജഗദീഷ്(30) ആണ് കഴിഞ്ഞ വർഷം സെപ്റ്റംബർ 15 ന് തബൂക്ക് ഷർമ്മയിൽ സഞ്ചരിച്ച കാറിൽ സ്വദേശി പൗരൻ ഓടിച്ച ട്രെയ്‌ലർ വാഹനം ഇടിച്ചു മരിച്ചത്.
തുടർ നടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കൾ ആരുമെത്താത്തതിനാൽ മൃതദേഹം അൽബദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്ന് നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനും മറ്റു നടപടികൾക്കും സോഷ്യൽ ഫോറം പ്രവർത്തകരായ അബ്ദുൽ ബഷീർ ഉപ്പിനങ്ങാടി, മജീദ് വെട്ടില, ലത്തീഫ് ഉപ്പിനങ്ങാടി, ഷാജഹാൻ കുളത്തൂപ്പുഴ എന്നിവർ നേതൃത്വം നൽകി. ജഗദീഷിനെ സ്പോൺസർ ഏതാനും മാസങ്ങൾക്കു മുൻപെ ഹുറൂബാക്കിയിരുന്നു .
നടപടിക്രമങ്ങൾക്കായി സ്പോൺസറെ സമീപിച്ചപ്പോൾ സഹകരിക്കാൻ തയാറല്ലായിരുന്നു. കാര്യങ്ങൾക്കു വലിയ പ്രതിസന്ധി നേരിടേണ്ടി വന്നു. ദീർഘകാലം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതിന്റെ ആശുപത്രി ബില്ലും അടക്കാനുണ്ടായിരുന്നു. തുടർന്നു സോഷ്യൽ ഫോറം പ്രവർത്തകർ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായം തേടുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.
നാട്ടിലേക്ക് കൊണ്ടുപോവാൻ മൃതദേഹം ഏറ്റെടുക്കുന്നതിന് ആശുപത്രിയിലെത്തിയപ്പോളാണു കോവിഡ് പോസിറ്റീവാണെന്നും നാട്ടിലേയ്ക്ക് അയക്കാൻ സാധിക്കുകയില്ലെന്നും അധികൃതർ അറിയിക്കുന്നത്. വീണ്ടും കുടുംബവുമായി ബന്ധപ്പെടുകയും ഇവിടെ തന്നെ മറവ് ചെയ്യുന്നതിനുള്ള സമ്മതം വാങ്ങുകയുമായിരുന്നു.
നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി 500 കിലോമീറ്റർ അകലെ കോവിഡ് രോഗികളെ മറവ് ചെയ്യന്ന സകാക്കയിലെത്തിച്ച് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. നടപടികൾ പൂർത്തിയാക്കാനാവശ്യമായി വന്ന ഭാരിച്ച സാമ്പത്തിക ബാധ്യത ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിഭാഗവും സോഷ്യൽ ഫോറവും സംയുക്തമായാണു വഹിച്ചത്. സോഷ്യൽ ഫോറം പ്രവർത്തകൻ അയ്യൂബ് മംഗലാപുരത്തിന്റെ ഇടപെടൽമൂലം ആശുപത്രിയിൽ അടയ്ക്കേണ്ട തുക ഒഴിവായി.
Leave a Reply