ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- തിങ്കളാഴ്ച പുലർച്ചെ സിസിലിയുടെ തീരത്ത് ആഡംബരം നൗക തകർന്നുണ്ടായ അപകടത്തിൽ ബ്രിട്ടീഷ് ടെക് വ്യവസായി മൈക്ക് ലിഞ്ചിൻ്റെ മൃതദേഹം ബോട്ടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി. എന്നാൽ കാണാതായ അദ്ദേഹത്തിന്റെ മകൾ 18 വയസ്സുകാരി ഹാനായ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഒരുതരത്തിലും മുങ്ങാത്ത വിധം സുരക്ഷിതമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ‘ ബെസിയൻ ‘ എന്ന ലിഞ്ചിന്റെ തന്നെ ആഡംബര നൗകയിൽ ലിഞ്ചും ഭാര്യയുമടക്കം 22 പേരായിരുന്നു ഉണ്ടായിരുന്നത്. ഒരു വയസ്സുള്ള കുട്ടിയും ലിഞ്ചിൻ്റെ ഭാര്യ ആഞ്ചെല ബകേറസും ഉൾപ്പെടെ 15 പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മുങ്ങിമരിച്ച ആറുപേരുടെ മൃതദേഹവും രക്ഷാപ്രവർത്തകർ കണ്ടെത്തി.

മൈക്ക് ലിഞ്ച്, മകൾ ഹാനാ, മോർഗൻ സ്റ്റാൻലി ഇൻ്റർനാഷണൽ ബാങ്ക് ചെയർമാൻ ജോനാഥൻ ബ്ലൂമർ, ഭാര്യ ജൂഡി ബ്ലൂമർ, ക്ലിഫോർഡ് ചാൻസ് അഭിഭാഷകൻ ക്രിസ് മോർവില്ലോ, ഭാര്യ നെഡ മോർവില്ലോ, ബോട്ടിൻ്റെ ഷെഫ് റെക്കൽഡോ തോമസ് എന്നിവരെയാണ് ബയേസിയൻ മുങ്ങിയപ്പോൾ കാണാതായത്. ഇതിൽ ലിഞ്ചിന്റെ മകളുടെ ഒഴിച്ച് ബാക്കി എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറ്റാലിയൻ നിയമമനുസരിച്ച്, ഔപചാരികമായ തിരിച്ചറിയൽ ഉണ്ടാകുന്നതുവരെ, മരിച്ചവരുടെ പേരുകൾ പങ്കുവയ്ക്കാൻ ഉദ്യോഗസ്ഥർക്ക് അനുവാദമില്ല. മുങ്ങിപ്പോയ ബോട്ടിനെ ഉയർത്തി തിരികെ തീരത്ത് എത്തിക്കണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും നിലവിൽ രക്ഷാപ്രവർത്തനമാണ് മുഖ്യമെന്നും ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് അധികൃതർ വ്യക്തമാക്കി. കടലിനടിയിൽ 165 അടി താഴ്ചയിലുള്ള നൗകയുടെ അവശിഷ്ടങ്ങൾക്കിടയിലുള്ള തിരച്ചിൽ അതി കഠിനമാണ്.

യുകെ ടെക്ക് ഇൻഡസ്ട്രിയിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായിരുന്നു മൈക്ക് ലിഞ്ച്. കമ്പ്യൂട്ടർ അധിഷ്ഠിത ഡിറ്റക്ഷനും, വിരലടയാള തിരിച്ചറിയലിലും ശ്രദ്ധ കേന്ദ്രീകരിച്ച കേംബ്രിഡ്ജ് ന്യൂറോഡൈനാമിക്സ് എന്ന സ്ഥാപനമായിരുന്നു മൈക്ക് ലിഞ്ച് തുടക്കത്തിൽ സ്ഥാപിച്ചത്. അഞ്ച് വർഷത്തിന് ശേഷം അദ്ദേഹം ബ്രിട്ടീഷ് ടെക് സ്ഥാപനമായ ഓട്ടോണമിയുടെ സഹസ്ഥാപകനായി. 2011-ൽ, ലിഞ്ച് തൻ്റെ കമ്പനിയെ യുഎസ് കംപ്യൂട്ടിംഗ് മേഖലയിലെ വൻകിട കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിന് 11 ബില്യൺ ഡോളറിന് വിൽക്കുകയും ചെയ്തു. എന്നാൽ ഇതേ തുടർന്ന് അദ്ദേഹത്തിനെതിരെ യുഎസിൽ നിരവധി ഫ്രോഡ് ചാർജുകൾ എടുത്തിരുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം അദ്ദേഹത്തെ കുറ്റവുമുക്തമാക്കിയതിന്റെ ആഘോഷമായിരുന്നു സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം അദ്ദേഹം തന്റെ സ്വന്തം ആഡംബരം നൗകയിൽ നടത്തിയത്. പ്രമുഖരായ നിരവധി പേർ ലിഞ്ചിന്റെ മരണത്തിൽ ദുഃഖം അറിയിച്ചു. മകൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.